
കേരളത്തിന്റെ നീതിബോധ മനസിൽ പൊള്ളുന്ന കനലായി നിലനിന്നിരുന്ന സിസ്റ്റർ അഭയ കേസിൽ സുദീർഘമായ 28 വർഷത്തിനുശേഷം വിധി പ്രഖ്യാപനമുണ്ടായിരിക്കുന്നു. അഭയയുടേത് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതിനുശേഷം ഒരുഘട്ടത്തിൽ സി.ബി.ഐയും എഴുതിവച്ചതുപോലെ ആത്മഹത്യയായിരുന്നില്ലെന്നും മൃഗീയമായ കൊലപാതകം തന്നെയായിരുന്നുവെന്നുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്നലെ അസന്ദിഗ്ദ്ധമായി വിധിയെഴുതിയത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ടു പ്രതികളും ഈ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ദൃക്‌സാക്ഷികളായി ആരും ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകളുടെയും മറ്റ് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സമർത്ഥമായി കേസ് അവതരിപ്പിക്കാനും കോടതിയെ ബോദ്ധ്യപ്പെടുത്താനും പ്രോസിക്യൂഷൻ വിജയിച്ചുവെന്നതിന്റെ തെളിവാണ് പ്രതികളെ കുറ്റവാളികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതി വിധി. ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) 201 (തെളിവു നശിപ്പിക്കൽ) 449 (അതിക്രമിച്ചു കയറൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. കൊലപാതകമെന്നു തെളിഞ്ഞുകഴിഞ്ഞതിനാൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാകും പ്രതികളെ കാത്തിരിക്കുന്നത്. ഇരുപത്തെട്ടു വർഷമായി പ്രതികളെ ചേർത്തുപിടിച്ചു നിയമത്തിന്റെ കരങ്ങളിൽ നിന്ന് സംരക്ഷിച്ചുപോന്നവർക്കെല്ലാം ഇപ്പോഴത്തെ കോടതി വിധി വളരെയധികം മനസ്താപത്തിനു കാരണമായേക്കാം. ഇത്രയും കാലം ചെയ്തുവച്ച യത്നങ്ങളെല്ലാം അവസാനം പാഴായതിൽ കുണ്ഠിതവുമുണ്ടാകാം. രാത്രിയുടെ അവസാന യാമങ്ങളിലൊന്നിൽ കോൺവെന്റിൽ അബദ്ധത്തിൽ കാണാക്കാഴ്ച കാണേണ്ടിവന്ന അഭയയെ ഇല്ലാതാക്കേണ്ടത് തങ്ങളുടെ മാന്യതയും സഭയുടെ പവിത്ര പാരമ്പര്യവും നിലനിറുത്താൻ ആവശ്യമാണെന്ന തോന്നലാകാം പ്രതികളെക്കൊണ്ട് അരുതാത്തത് ചെയ്യിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്നോളം ഉണ്ടാകാത്ത രീതിയിലുള്ള ഇടപെടലുകളും തടസങ്ങളും അവിശ്വസനീയമായ സമ്മർദ്ദങ്ങളുമെല്ലാം നേരിടേണ്ടിവന്ന അഭയാ കേസിന് ഈ രീതിയിൽ ശുഭകരമായ ഒരു പര്യവസാനമുണ്ടായതിനു പിന്നിൽ നീതിബോധമുള്ള ധാരാളം പേരുടെ കഠിന ശ്രമവും അർപ്പണ മനസുമുണ്ട്. പലവട്ടം ഉപേക്ഷിക്കപ്പെട്ടുപോയ കേസിന് പുനർജ്ജന്മം നൽകിയതിൽ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും വലിയ പങ്കുണ്ട്. അഭിഭാഷകരും നിയമജ്ഞരും മാദ്ധ്യമങ്ങളും സർവ്വോപരി പൗരാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻ പുരയ്ക്കലുമെല്ലാം കേസിന്റെ ആരംഭം തൊട്ടേ അഭയയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി പോരാടിയവരാണ്.
ആത്മഹത്യയായി എന്നേ എഴുതിത്തള്ളുമായിരുന്ന അഭയാ കേസ് നിയമ വിദ്യാർത്ഥികൾക്ക് മാത്രമല്ല നിയമ - നീതിന്യായ രംഗത്തു പ്രവർത്തിക്കുന്നവർക്കും ഏറെ പാഠഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. എത്രയൊക്കെ മൂടിവച്ചാലും സത്യം ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യുമെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ് അഭയാ കേസിലെ അവസാന കണ്ടെത്തലുകൾ. കൊലപാതകം ആത്മഹത്യയെന്നു വരുത്താനും പ്രതികളെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷിക്കാനും സഭാ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് സമൂഹം കണ്ടതാണ്. പണം വെള്ളം പോലെ ഒഴുക്കിയും ലഭ്യമായ സകല സ്വാധീനങ്ങൾ ഉപയോഗിച്ചും കേസ് അട്ടിമറിക്കാൻ എത്രയെത്ര ശ്രമങ്ങളാണ് നടന്നത്. അഭയ ആത്മഹത്യ ചെയ്തതല്ല, കൊലചെയ്യപ്പെടുകയായിരുന്നു എന്ന് ആദ്യ സൂചന നൽകിയ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ വർഗീസ് പി. തോമസിന് 'മുകളിൽ" നിന്നുള്ള സമ്മർദ്ദങ്ങൾ സഹിക്കാനാകാതെ സർവീസ് തന്നെ അവസാനിപ്പിക്കേണ്ടിവന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അഭയ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയത്.
രണ്ടു പുരോഹിതന്മാരും കന്യാസ്‌ത്രീയും ഉൾപ്പെട്ട കേസായതുകൊണ്ടാണ് ഭരണകൂട ഇടപെടൽ പോലും കേസന്വേഷണ വേളയിൽ മറ നീക്കി പുറത്തുവന്നത്. സഭയ്ക്കു കളങ്കമുണ്ടാകരുതെന്ന നിർബന്ധബുദ്ധിയിൽ ഏതെല്ലാം കേന്ദ്രങ്ങളാണ് കേസിൽ ഇടപെട്ടത്. വിചാരണ ഘട്ടത്തിൽ എട്ടു പ്രധാന സാക്ഷികളെ കൂറുമാറ്റാനും പ്രതിഭാഗത്തിനു സാധിച്ചു. എന്നിട്ടും ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞതുപോലെ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. മുൻപ് മൂന്നുതവണ ഉപേക്ഷിക്കാൻ ശ്രമിച്ച കേസ് സി.ബി.ഐ സംഘം തന്നെ വിജയത്തിലെത്തിക്കുകയും ചെയ്തു. ചെയ്തുപോയ പാപങ്ങൾക്ക് ദൈവത്തിന്റെ കോടതിയിലല്ല ഭൂമിയിലെ കോടതിയിൽ വച്ചുതന്നെ അർഹമായ ശിക്ഷ ഏറ്റുവാങ്ങാൻ പ്രതികൾ ബാദ്ധ്യസ്ഥമായിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നെങ്കിലും സമൂഹത്തിന് വളരെയധികം ആശ്വാസം പകരുന്നതാണ് കോടതി വിധി. നിയമ നീതി നടത്തിപ്പിലുള്ള അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും അതു സഹായിക്കും. ഏതു കൊലപാതകത്തിലും ആരുമറിയാതെ ഒരു തുമ്പ് ശേഷിപ്പിച്ചാകും പ്രതികൾ രംഗം വിടുന്നതെന്നു പറയാറുണ്ട്. ദൈവം അവശേഷിപ്പിച്ച തെളിവായിട്ടാണ് നിയമജ്ഞർ അതിനെ കണക്കാക്കുന്നത്. അഭയാ കേസിൽ അത്തരത്തിലൊരു തുമ്പ് സമൂഹം വെറുക്കുന്ന ഒരു കള്ളന്റെ രൂപത്തിലാണെത്തിയത്. ഇതിന്റെ പേരിൽ അയാൾക്കു കൊടിയ മർദ്ദനം ഏൽക്കേണ്ടിവന്നു. മൊഴി മാറ്റിപ്പറയാനും സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഉണ്ടായി. എന്നാൽ വിചാരണ വേളയിലും പഴയ മൊഴിയിൽ അയാൾ ഉറച്ചുനിന്നു. നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു സാധു പെൺകുട്ടിയുടെ ദുരൂഹമരണത്തിനു പിന്നിലെ സത്യം പുറത്തുവരികതന്നെ വേണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ച ആ സാധാരണക്കാരനുണ്ടായ വികാരം പോലും കേസ് അട്ടിമറിക്കാൻ അഹോരാത്രം പാടുപെട്ട സഭാ നേതാക്കൾക്കും പൊലീസിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും ഉണ്ടായില്ലെന്നത് സമൂഹം കണ്ണുതുറന്ന് കാണേണ്ടതുതന്നെയാണ്. തങ്ങളുടെ മകൾ അഭയയ്ക്കു നീതി കിട്ടിണമെന്ന പ്രാർത്ഥനയുമായി ഏറെക്കാലം കോടതികളും അധികാരികളുടെ കവാടങ്ങളും കയറിയിറങ്ങിയ മാതാപിതാക്കൾ ഇന്ന് ഇല്ല. എങ്കിലും അവർ ആഗ്രഹിച്ചതുപോലെ പ്രതികളെ സമൂഹത്തിനു മുന്നിൽ കൊണ്ടുനിറുത്താൻ ഇപ്പോഴെങ്കിലും കഴിഞ്ഞതിൽ ഏക സഹോദരനൊപ്പം ബന്ധുമിത്രാദികൾക്കും സന്തോഷിക്കാം.
'കേരളകൗമുദി"ക്കും അനല്പമായ സന്തോഷം പകരുന്നതാണ് അഭയ കേസിലെ വിധി. ആദ്യനാളുകൾ തൊട്ടേ ഞങ്ങൾ ഈ കേസിനൊപ്പം തന്നെയുണ്ടായിരുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായി നടന്ന ശ്രമങ്ങൾക്കെതിരെ മുഖപ്രസംഗത്തിൽ പ്രതികരിച്ചതിന്റെ പേരിൽ കോടതി കയറേണ്ടിവന്നതും സ്മരണീയമാണ്.