technopark

തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ നാലാംഘട്ടമായ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യ സർക്കാർ ഐ.ടി കെട്ടിടം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. രണ്ടുലക്ഷം ചതുരശ്ര അടി ഐ.ടി സ്‌പേസാണ് പൂർത്തിയാകുന്നത്. ആദ്യം 11 കമ്പനികൾ ഇവിടെ പ്രവർത്തിക്കും.

2017 ഒക്ടോബറിലാണ് മൂന്ന് നിലയുള്ള ഐ.ടി കെട്ടിടത്തിന്റെ നിർമ്മാണത്തുടക്കം. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് (കെ.എസ്.ഐ.ടി.ഐ.എൽ) നിർമ്മാതാക്കൾ. ചെറിയ സംരംഭകരെ ലക്ഷ്യമിട്ട് ഫർണിഷ്ഡ് പ്ലഗ് ആൻഡ് പ്ലേ സൗകര്യമാണ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ. 10 സീറ്റ് മുതൽ 35 സീറ്റ് വരെ അടങ്ങുന്ന 29 സ്മാർട്ട് ബിസിനസ് സെന്ററും പ്രത്യേകതയാണ്. സംരംഭകർക്ക് കമ്പ്യൂട്ടറുകൾ കൊണ്ടുവന്ന് പ്ലഗ് ചെയ്ത് അപ്പോൾ തന്നെ പ്രവർത്തിച്ചുതുടങ്ങാം. ഓരോ മൊഡ്യൂളിലും മാനേജർ കാബിൻ, അഞ്ച് പേർക്കിരിക്കാവുന്ന ഡിസ്‌കഷൻ റൂം, സെർവർ റൂം എന്നിവ അടക്കമുള്ള സൗകര്യങ്ങളുണ്ട്. 10 സീറ്റുള്ള മൊഡ്യൂളിന് 680 ചതുരശ്ര അടിയാണ് വലുപ്പം. 27 സീറ്റുള്ളതിന് 1,335 ചതുരശ്ര അടി. ബേസ്‌മെന്റിൽ 74 കാറുകളും 147 ബൈക്കുകളും പാർക്ക് ചെയ്യാം.