
മുമ്പ് പലതവണ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞ് കൈയ്യടി നേടിയ താരമാണ് ദിയ മിർസ. ഇപ്പോൾ ബോളിവുഡിലെ പുരുഷ മേധാവിത്വത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് താരം. സിനിമയിൽ മുതിർന്ന സ്ത്രീകൾക്കായി നല്ല കഥാപാത്രങ്ങൾ രചിക്കപ്പെടുന്നില്ലെന്നും എന്നാൽ പുരുഷന്മാർക്ക് പ്രായം തടസമാകുന്നില്ലെന്നുമാണ് ദിയ പറയുന്നത്. മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ത്രീകളും സ്ത്രീപ്രാധാന്യമുള്ള കഥകളും ഇന്ന് ബോളിവുഡിൽ സംഭവിക്കുന്നുണ്ടെന്ന് ദിയ പറഞ്ഞു. കൂടുതൽ സംവിധായികമാരും വനിതാ ഛായാഗ്രാഹകരും എഡിറ്റർമാരും ഇന്നുണ്ട്. പക്ഷെ ഇപ്പോഴും പുരുഷന്മാരേക്കാൾ ഏറെ പിന്നിലാണെന്നും ദിയ അഭിപ്രായപ്പെട്ടു. പ്രാധിനിദ്ധ്യം കൂടിയതു കൊണ്ടാണ് സ്ത്രീപക്ഷ സിനിമകളും കൂടുന്നതെന്നും ദിയ അഭിപ്രായപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും ഇതിന് സഹായിച്ചുവെന്ന് ദിയ പറയുന്നു. അതേസമയം പുരുഷാധിപത്യം നിലനിൽക്കുന്നതായും ദിയ പറഞ്ഞു. "മുതിർന്ന പുരുഷന്മാർ സ്ക്രീനിൽ ചെറുപ്പക്കാരായി തന്നെ അഭിനയിക്കുന്നു. അത് ദൗർഭാഗ്യകരമാണ്. സൗന്ദര്യം എന്നത് ചെറുപ്പമാണെന്നൊരു ധാരണയുണ്ട്. പക്ഷെ മദ്ധ്യവയസ്കരയായ ധാരാളം നടിമാരുണ്ട് വേറെയും. അവർക്കായി സിനിമകൾ എഴുതപ്പെടുന്നില്ല" ദിയ പറഞ്ഞു.
സിനിമാ മേഖലയിൽ പുരുഷ മേധാവിത്വമാണ്. മുതിർന്ന പുരുഷന്മാരുടെ നായികയാവുക ചെറുപ്പക്കാരികളായ നായികമാരായിരിക്കും. 50 വയസുകാരന്റെ നായിക 19 കാരിയാകുന്നത് മോശമായ അവസ്ഥയാണ്
- ദിയ