
കിളിമാനൂർ: ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നഗരൂർ കേശവപുരം പാടശേഖരത്തിൽ നെൽകൃഷിയിലെ കളകളെ നിയന്ത്രിക്കാൻ ആത്മ പദ്ധതി വഴി പ്രദർശന തോട്ടം സംഘടിപ്പിച്ചു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കളനാശിനി യന്ത്രമായ വീട് വൈപ്പർ ഉപയോഗിച്ചാണ് പ്രദർശനം. കൃഷി ശാസ്ത്രജ്ഞ ഡോ. നിമ്മിയുടെ ഓൺലൈൻ പരിശീലന പരിപാടിയും മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിൽ നിന്നും വിരമിച്ച മുഖ്യ പരിശീലകൻ മോഹനന്റെ കൃഷിയിടയന്ത്ര പ്രവൃത്തി പരിചയ പരിപാടിയും നടന്നു. പുളിമാത്ത് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായ വെള്ളായണി കാർഷിക കോളജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. ശ്രീദയ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. നെല്ലിനെകാൾ ഉയരത്തിൽ വളരുന്ന വരിനെല്ല്, മുത്തങ്ങ കവട തുടങ്ങിയ കളകൾ വീട് വൈപ്പർ ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്ന് നഗരൂർ കൃഷി ഓഫീസർ റോഷ്ന പറഞ്ഞു. പുളിമാത്ത് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാരായ സുരേഷ്, മണിവർണ്ണൻ, നസീമ കൃഷി അസിസ്റ്റൻറ് മാരായ മനീഷ്, ഷീജ പുളിമാത്ത് ബ്ലോക്കിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.