abaya

തിരുവനന്തപുരം:ക്രിസ്‌മസിന്റെ തലേന്ന് സിസ്റ്റർ അഭയയ്‌ക്ക് നീതി. അഭയയ്‌ക്കും കുടുംബത്തിനും ഭ്രാന്താണെന്നും ആത്മഹത്യാ പ്രവണതയുമായാണ് അഭയ ജീവിച്ചതെന്നും പറഞ്ഞ് കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ചിനും പൊലീസിനും നാണക്കേട്. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിന് അഭിമാന നിമിഷം. 28 വർഷങ്ങൾക്കു ശേഷം നീതിയുടെ വെളിച്ചം.

കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ സെന്റ് ജോസഫ് കോൺഗ്രഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്​റ്റർ അഭയയുടെ ( 21 )​ മൃതദേഹം 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണ​റ്റിൽ കണ്ടത്. ആത്മഹത്യയാക്കാനായിരുന്നു പൊലീസ് ശ്രമം. ഇൻക്വസ്റ്റ് കൃത്യമായിരുന്നില്ല. ശാസ്ത്രീയ തെളിവു ശേഖരണം നടത്തിയില്ല. തെളിവുകൾ നശിപ്പിച്ച് പൊലീസും ക്രൈംബ്രാഞ്ചും കേസില്ലാതാക്കി.ആത്മഹത്യയാണെന്ന കണ്ടെത്തലോടെ കേസ് അവസാനിപ്പിച്ചു. ആക്‌ഷൻകൗൺസിലിന്റെ ശ്രമത്തിലാണ് സി.ബി.ഐ വന്നത്.

സി.ബി.ഐ ഡിവൈ.എസ്.പി വർഗ്ഗീസ്. പി തോമസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. പിന്നീട് സി.ബി.ഐ നാണംകെട്ട കളി നടത്തി. ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദ്ദം ചെലുത്തിയതിനാൽ ഡിവൈ.എസ്.പി വർഗ്ഗീസ് സ്വയം വിരമിച്ചു. ഡി.ഐ.ജി എം.എൽ ശർമ്മയുടെ ഡമ്മി പരീക്ഷണത്തോടെ കേസ് ശ്രദ്ധേയമായെങ്കിലും പ്രതികളെ കണ്ടെത്താനാവാതെ കേസ് അവസാനിപ്പിക്കാൻ മൂന്നുവട്ടം സി.ബി.ഐ ശ്രമിച്ചു. 2008നവംബറിൽ ഡിവൈ.എസ്.പി ആയിരുന്ന നന്ദകുമാർ നായർ അന്വേഷണം ഏറ്റതോടെ, ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി. തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെ സി.ബി.ഐ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി റദ്ദാക്കി.

സിബിഐയുടെ കണ്ടെത്തലുകൾ

#ഫാ.ജോസ് പുതൃക്കയിലിന്റെ കാത്തലിക് മിഷൻ പ്രസിൽ കമ്പോസറായിരുന്ന സെഫിക്ക് സ്വഭാവ ദൂഷ്യമുണ്ടായിരുന്നു

#1992 മാർച്ച് 27ന് പുലർച്ചെ നാലിന് പഠിക്കാനായി എഴുന്നേ​റ്റ അഭയ താഴത്തെ നിലയിലെ അടുക്കളയിലെ ഫ്രിഡ്‌ജിൽ നിന്ന് വെള്ളം എടുക്കാനെത്തിയപ്പോൾ തോമസ് കോട്ടൂരിനെയും ജോസ് പുതൃക്കയിലിനെയും സെഫിയെയും അരുതാത്ത നിലയിൽ കണ്ടു.

# പ്രകോപിതരായ പ്രതികൾ കൈക്കോടാലി കൊണ്ട് അഭയയുടെ തലയ്ക്കു പിന്നിൽ രണ്ടുവട്ടം അടിച്ചു. നിലത്തു വീണ അഭയയെ കിണ​റ്റിൽ തള്ളി.

#കോൺവെന്റിന്റെ പിന്നിലെ പടികൾ കയറി രണ്ട് പുരുഷന്മാർ ടെറസിലേക്ക് പോവുന്നത് അവിടെ ചെമ്പുകമ്പി മോഷ്ടിക്കാനെത്തിയ അടയ്ക്കാ രാജു കണ്ടു. തോമസ് കോട്ടൂരിനെ രാജു തിരിച്ചറിഞ്ഞു.

#കോട്ടൂരിന് സ്വഭാവദൂഷ്യമുണ്ടെന്ന് സഹപ്രവർത്തക ത്രേസ്യാമ്മ മൊഴി നൽകി. പുരോഹിതന്മാരും മനുഷ്യരാണെന്നും തെ​റ്റുപ​റ്റാമെന്നും അഭിഭാഷകനോട് കോട്ടൂർ പറഞ്ഞത് സിബിഐ തെളിവാക്കി

#രാത്രിയിൽ ഹോസ്​റ്റലിനടുത്ത് സ്‌കൂട്ടർ പാർക്ക് ചെയ്തത് കണ്ടെന്നും പിറ്റേന്ന് കാലത്ത് സ്കൂട്ടർ അവിടെയില്ലായിരുന്നെന്നും അടുത്ത താമസക്കാരനായ സഞ്ജു പി മാത്യുവിന്റെ മൊഴി. സെഫിയുടെ പെരുമാ​റ്റദൂഷ്യങ്ങൾക്കും തെളിവ്

#നാർകോ അനാലിസിസിൽ കു​റ്റകൃത്യത്തിലെ പങ്കാളിത്തം പ്രതികൾ വെളിപ്പെടുത്തിയെങ്കിലും തെളിവാക്കുന്നത് ഹൈക്കോടതി തടഞ്ഞു.

പൊലീസിന്റെ അട്ടിമറികൾ

#അഭയയുടെ മൂക്കിന്റെ ഇരുവശത്തും കഴുത്തിലും തോളിന് വലതുഭാഗത്തും മുറിപ്പാടുകളുണ്ടായിരുന്നു. ഇൻക്വസ്റ്റിൽ ഇത് പൊലീസ് രേഖപ്പെടുത്തിയില്ല.

#അമർത്തിയതിനാൽ കഴുത്തിലുണ്ടായ 2 മുറിവുകൾ ഫോട്ടോഗ്രാഫർ പകർത്തിയിരുന്നു. ഇതിന്റെ നാല് ഫോട്ടോകൾ കസ്​റ്റഡിയിൽ നിന്ന് കാണാതായി.

#തലയ്ക്കടിച്ച കൈക്കോടാലി ഇൻക്വസ്​റ്റിന്റെ ഭാഗമാക്കിയില്ല. തെളിവ് നശിപ്പിച്ചു.

#അർദ്ധ ബോധാവസ്ഥയിൽ കിണ​റ്റിൽ തള്ളിയ അഭയയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിരുന്നു. രാസപരിശോധനാ ഫലങ്ങൾ കാണാതായി.

#വയ​റ്റിൽ 300മില്ലി വെള്ളം മാത്രമാണുണ്ടായിരുന്നതെന്ന് പോസ്​റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ, പൊലീസിന്റെ ആത്മഹത്യാ വാദം പൊളിഞ്ഞു.

#ശരീരത്തിലെ ആറ് മുറിവുകൾ വീഴ്ചയിൽ ഉണ്ടായതല്ലെന്ന് ഹൈദരാബാദിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ഭാസ്‌കർ കണ്ടെത്തി.

#അഭയ സദാ പ്രസന്നവതിയായിരുന്നെന്നും ഒരിക്കലും വിഷാദത്തോടെയോ മ്ലാനമായോ കണ്ടിരുന്നില്ലെന്നും സിബിഐ കണ്ടെത്തിയതോടെ പൊലീസിന്റെ ആത്മഹത്യാ പ്രവണതാ തിയറി പൊളിഞ്ഞു.