d

വെഞ്ഞാറമൂട്: പുതുവർഷത്തിൽ സ്കൂൾ അദ്ധ്യായനം പുനരാരംഭിക്കാനുള്ള തീരുമാനം ആശ്വാസം പകരുന്നതിനൊപ്പം ആശങ്കയും ഉയർത്തുന്നു. അദ്ധ്യയനം പൂർവസ്ഥിതിയിൽ ആകുന്നതോടെ കുട്ടികളും അദ്ധ്യാപകരും തമ്മിൽ ആശയവിനിമയത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കപ്പെടുമെന്നതാണ് നേട്ടം. അതേസമയം വൈറസ് വ്യാപന ഭീതിയും പൂർത്തിയാകാതെ കിടക്കുന്ന സിലബസ് ഭാരവും വെല്ലുവിളിയാണ്. ക്ലാസ് മുറികളിൽ ചങ്ങാതികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്തുന്നത് തങ്ങൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണെന്ന് അദ്ധ്യാപകർ പറയുന്നു. കൂട്ടുകെട്ടുകൾ ശക്തമായ പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസിനു തുടക്കമാവുക. കൊവിഡ് രോഗികളുമായി സമ്പർക്കമോ രോഗലക്ഷണമോ ഉണ്ടായാൽ പോലും മറച്ചുവയ്ക്കാനുള്ള പ്രവണത കുട്ടികളിൽ ഉണ്ടായേക്കാമെന്നതും ഭീതിയുണ്ട്. പൊതു പരീക്ഷകൾ മാർച്ച് മാസത്തിൽ തന്നെ നടത്തുമെന്ന സർക്കാർ തീരുമാനത്തോട് ഒരു വിഭാഗം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിയോജിപ്പാണ്. സിലബസ്സിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഓൺലൈൻ ക്ലാസ്സ് വഴി പൂർത്തിയാക്കാൻ സാധിച്ചത്. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പല പാഠങ്ങളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളിൽ പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ചോദ്യം വരില്ല. ചോദ്യം വരാൻ സാധ്യതയുള്ള പാഠങ്ങൾ ഇനിയും ആരംഭിക്കാനായിട്ടുമില്ല. അന്താരാഷ്ട്ര തലത്തിൽ പോലും പരീക്ഷകൾ നീട്ടി വയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാത്രം ധൃതി പിടിച്ചു നടത്തുന്നത് കുട്ടികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

 സമ്മർദ്ദം വർദ്ധിക്കും

ക്ലാസ്സ് എന്നതിലുപരി പരീക്ഷ കാലത്തിലേക്കാണ് കുട്ടികൾ കാലെടുത്തുവെക്കുന്നത്. ഇത്തവണ പാഠഭാഗങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിൽ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിൽ സമ്മർദ്ദം വർധിപ്പിച്ചേക്കും. മാസങ്ങളായി തുടരുന്ന കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ അനുസരണ പ്രകടമാണ്. ഇതേ മനോഭാവം സ്കൂളിൽ എത്തിയാലും കുറച്ചുനാൾ തുടരാനുള്ള സാധ്യതയുണ്ട്.

വെല്ലുവിളികൾ പലത്

1. എൻ.സി.ആർ.ടി ഒഴിവാക്കിയ പാഠങ്ങൾ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിച്ചു.

2. പരീക്ഷയ്ക്ക് ചോദ്യം വരുന്ന പല പാഠഭാഗങ്ങൾ പലതും ആരംഭിച്ചിട്ടില്ല

3. സമയബന്ധിതമായി സിലബസ് പൂർത്തിയാക്കുന്നത് വെല്ലുവിളി

4. കുട്ടികളുടെ നിലവാരം തകരുമോ എന്ന ആശങ്ക

5. സാമൂഹിക അകലം കുട്ടികളുടെ ഇടയിൽ നടപ്പാക്കുക പ്രയാസകരം

സ്കൂൾ അനിശ്ചിതത്വത്തിലായതോടെ യൂണിഫോം, ബാഗ്, ഷൂ അടക്കമുള്ളസാധനങ്ങൾ ഇപ്രാവശ്യം വാങ്ങിയിട്ടില്ല. പഴയത് നശിച്ച മട്ടാണ്. ഇനി എല്ലാം വാങ്ങണം. സ്കൂളിൽ കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുമോ എന്നതാണ് പ്രധാന ആശങ്ക

(രക്ഷകർത്താവ്)