
തിരുവനന്തപുരം: വഞ്ചിയൂർ സി.ബി.ഐ സ്‌പെഷ്യൽ കോടതി. സമയം രാവിലെ 10.10. സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമസ് കോട്ടൂർ ബന്ധുക്കളോടൊപ്പമെത്തി. ഇളം മഞ്ഞ നിറത്തിലെ കുർത്തയും പൈജാമയും വേഷം. ചിരി മാഞ്ഞ മുഖത്ത് പ്രതീക്ഷയുടെ നിഴലാട്ടം. പിന്നാലെ, കേസിലെ മറ്റൊരു പ്രതി സിസ്റ്റർ സെഫി ബന്ധുക്കളോടും എട്ടോളം കന്യാസ്ത്രീകളോടുമൊപ്പമെത്തി. പരസ്‌പരം ഒന്നും സംസാരിക്കാതെ അവർ പെട്ടെന്ന് കോടതിക്കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ഗോവണി കയറിപ്പോയി.
10.20. ജഡ്ജി എത്തി. കോടതിയുടെ രണ്ടു ഗേറ്റുകൾക്കും മുൻപിലും ചാനൽ കാമറകൾ. കോടതി മുറ്റത്ത് ജനക്കൂട്ടം. കോടതിയിൽ പ്രതിക്കൂട്ടിലേക്കുള്ള വാതിലിനരികിൽ ബന്ധുക്കൾക്കൊപ്പം പ്രതികൾ കാത്തുനിന്നു. വരാന്തയിലെ ബഞ്ചുകളിൽ ഇരിപ്പുറപ്പിച്ച കന്യാസ്ത്രീകൾ കണ്ണടച്ച് പ്രാർത്ഥനകളിൽ മുഴുകി.
11 മണി. കോടതി വരാന്ത ജനനിബിഡം. ജൂനിയർ അഭിഭാഷകരും തിങ്ങിനിറഞ്ഞു. ജഡ്‌ജി വരുന്നതിന് മുൻപത്തെ ബെൽ മുഴങ്ങി . കന്യാസ്ത്രീകൾ തിക്കിത്തിരക്കി കോടതിയുടെ ജനാലകൾക്കരികിലേക്ക്. കോടതി തുടങ്ങി. ആദ്യം രണ്ടു കേസുകൾ വിളിച്ചു മാറ്റി. മൂന്നാമത്തെയും അവസാനത്തെയും കേസായി ബഞ്ച് ക്ലർക്ക് അഭയ കേസിന്റെ നമ്പർ വിളിച്ചതോടെ, തോമസ് കോട്ടൂരും പിന്നാലെ സിസ്റ്റർ സെഫിയും പ്രതിക്കൂട്ടിലേക്ക് നടന്നു. സി.ബി.ഐ പബ്‌ളിക് പ്രോസിക്യൂട്ടർ എം. നവാസും, പ്രതിഭാഗം അഭിഭാഷകനും എണീറ്റു. കന്യാസ്ത്രീകൾ കൈകൾ നെഞ്ചോട് ചേർത്ത് പ്രാർത്ഥന തുടങ്ങി. സിസ്റ്റർ സെഫിയും കൊന്ത മുഖത്തോട് ചേർത്ത് പ്രാർത്ഥിച്ചു.
സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു;
നിർവികാരനായി ഫാ.കോട്ടൂർ
ഇരുവരും കുറ്റക്കാരെന്ന് അഞ്ചു മിനിറ്റിനുള്ളിൽ വിധിന്യായം വായിച്ച് കോടതി വിധിച്ചു. കുറ്റം ചെയ്തതായി വ്യക്തമായെന്നു ജഡ്ജി പറഞ്ഞതോടെ, ഇരുവരുടേയും മുഖം മ്ലാനമായി.
ഒന്നാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം (ഐ.പി.സി 302), തെളിവു നശിപ്പിക്കൽ (ഐ.പി.സി 201), അതിക്രമിച്ചു കയറൽ (ഐ.പി.സി 449) എന്നിവ നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നാം പ്രതി സെഫിക്കെതിരെ കൊലക്കുറ്റവും (ഐ.പി.സി 302), തെളിവു നശിപ്പിക്കലുമാണ് (ഐ.പി.സി 201) വിധിച്ചത് . അഞ്ചു മിനിട്ടിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ശിക്ഷ പറയാൻ ഇന്നത്തേക്ക് മാറ്റി കോടതി പിരിഞ്ഞു..സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കൂട്ടിലെ ബഞ്ചിലിരുന്നു. ഫാദർ തോമസ് കോട്ടൂർ നിർവികാരനായി നിന്നു. തുടർന്ന്
ബഞ്ചിലിരുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രതിക്കൂട്ടിലിരുന്ന സിസ്റ്റർ സെഫിയെ പുറത്തുനിന്നിരുന്ന കന്യാസ്ത്രീകൾ ഓടിയെത്തി ആശ്വസിപ്പിച്ചു.ഇടയ്‌ക്ക് സെഫി വെള്ളം വാങ്ങി കുടിച്ചു. ജയിലിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട കടലാസുകൾ തയാറാക്കുന്നതുവരെ ഇരുവരും പ്രതിക്കൂട്ടിലെ ബഞ്ചിൽ ഇരുന്നു. ഈ സമയം ബന്ധുക്കളെ വിളിച്ച് കോട്ടൂർ എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. 11.40 ഓടെ കടലാസുകൾ തയ്യാറാക്കി ഇരുവരെയും ജയിലിലേക്ക് കൊണ്ടുപോകാനായി സി.ബി.ഐ യുടെ വാഹനത്തിനടുത്തേക്ക് പൊലീസ് എത്തിച്ചു.
ഇന്നോവ കാറിൽ ആദ്യം സെഫിയാണ് കയറിയത് .പിന്നാലെ തോമസ് കോട്ടൂരിനെയും കയറ്റി. ഇരുവശത്തും സിവിൽ വേഷത്തിൽ പൊലീസുകാരും കയറി. വാഹനം യാത്ര തിരിക്കുമ്പോൾ കന്യാസ്ത്രീകളിൽ ചിലർ കണ്ണീരൊഴുക്കി.ചിലർ കൈവീശി യാത്രയാക്കി. കരയുന്ന കന്യാസ്ത്രീകളെ കണ്ട് കാഴ്ചക്കാരിൽ ചിലർ പറഞ്ഞു.-'കരയുകയൊന്നും വേണ്ട , ആ കൊച്ചിനെ കൊന്നിട്ട് 28 വർഷം കഴിഞ്ഞില്ലേ, ഇനി അകത്തു കിടക്കട്ടെ".