
തിരുവനന്തപുരം: 'ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തിൽ സംഭവത്തിന് ദൃക്സാക്ഷിയായത്. വിജയത്തിൽ ഞാനൊരു നിമിത്തം മാത്രമാണ്. ഈ വിധിയിലൂടെ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം വർദ്ധിച്ചു. പണവും അധികാരവുമുണ്ടെങ്കിൽ സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാവരും ചേർന്ന് നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത് '. അഭയക്കേസിൽ നീണ്ട പോരാട്ടം നടത്തിയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
ഈ കേസിന്റെ അവസാനം വരെ തൻെറ പോരാട്ടം തുടരുമെന്ന് ജോമോൻ പറഞ്ഞു. പ്രതികൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീലുമായി പോയാൽ പ്രോസിക്യൂഷനെ സഹായിക്കാൻ താൻ ഒപ്പമുണ്ടാകും. തൻെറ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിത്. പ്രതികൾ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തൽ ദൈവത്തിൻെറ കൊയ്യൊപ്പ് പോലെയാണ്. ദൈവത്തിന് നന്ദി. ഇനി മരിച്ചാലും സങ്കടമില്ല. ജീവിതാഭിലാഷം ഇതിൽ കൂടുതലൊന്നുമില്ല. മൂന്ന് പതിറ്റാണ്ടാണ് അഭയ കേസ് തെളിയിക്കാൻ വേണ്ടി താൻ നിലകൊണ്ടത്. അത് തെളിഞ്ഞതിൽ സന്തോഷം. പണവും സ്വാധീനവും കൊണ്ട് കേസ് അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. കോടതിയോട് ജനങ്ങൾക്കുള്ള വിശ്വാസം കൂടിയിരിക്കുകയാണ്- ജോമോൻ പറഞ്ഞു.
.