
തിരുവനന്തപുരം: ക്വാറികൾക്ക് ജനവാസ പ്രദേശത്തുനിന്നുള്ള അകലം 50 മീറ്റർ എന്നത് 200 മീറ്ററാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്
ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് ക്വാറികളുടെ പ്രവർത്തനം വീണ്ടും സജീവമാകും. ഇത് പരിസ്ഥിതിക്ക് വൻ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 5961 ക്വാറികളാണ് നിലവിലുള്ളത്. ഇതിൽ അധികവും തിരുവനന്തപുരം,കോട്ടയം, ഇടുക്കി,പാലക്കാട്,മലപ്പുറം,വയനാട്, കോഴിക്കോട് ജില്ലകളിലാണ്. ഖനനമേഖലകളിലെ ഒാരോ പഞ്ചായത്തിലും കുറഞ്ഞത് ആറോളം ക്വാറികളുണ്ടെന്നാണ് കണക്ക്. 2018 ലെ പ്രളയത്തിന് ഒരുകാരണം ക്വാറികളാണെന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്.എന്നിട്ടും ക്വാറികളെ സർക്കാർ നിയന്ത്രിക്കാത്തത് ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കും. രണ്ട് പ്രളയങ്ങൾ കേരളത്തിന്റെ ഭൂഘടനയിൽ വലിയ മാറ്റങ്ങൽ വരുത്തിയെന്ന് ഭൗമശാസ്ത്ര ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിൽ പശ്ചിമഘട്ട മലകൾ അടർന്നൊഴുകി. ഇടുക്കി, വയനാട്, മലപ്പുറം മേഖലയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും കുന്നുകളിലും വലിയ മണ്ണിടിച്ചലുണ്ടായി. 2019ൽ 65 ഇടങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളുമുണ്ടായതെന്നാണ് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ റിപ്പോർട്ട്. പശ്ചിമഘട്ടത്തിന്റെ ചരിവുകളിലെല്ലാം മേൽമണ്ണിന് കനം കുറവാണെന്ന് ഭൗമശാസ്ത്ര ഗവേഷകർ പറയുന്നു.പാറയുടെമേൽ ചെറിയ ആവരണം പോലെയാണ് ഇവിടെ മണ്ണ്. അതുകൊണ്ടാണ് ലോലമായ ഒരു പരിസ്ഥിതി വ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മണ്ണിളക്കിയുള്ള കൃഷിരീതികൾക്കും ഖനനപ്രവർത്തനങ്ങൾക്കും നിയന്ത്രണം വേണമെന്ന് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്.
ദിവസം കടത്തുന്നത് 8000 ടൺ
ഒരു ഇടത്തരം ക്വാറിയിൽനിന്ന് ദിവസവും 150 മുതൽ 200 ലോഡ് വരെയാണ് പുറത്തുപോകുക. ഒമ്പതു ടൺ വരും ഒരു ലോഡ്. അങ്ങനെ കണക്കുകൂട്ടിയാൽപ്പോലും ശരാശരി 1,200 ടൺ കരിങ്കല്ലാണ് ഒരു ക്വാറിയിൽനിന്ന് ഒരു ദിവസം പുറത്തുപോകുന്നത്. ശരാശരി 200 ലോഡ് മെറ്റലും അത്രതന്നെ മാനുഫാക്‌ച്ചേർഡ് സാൻഡും (എം സാൻഡ്) പുറത്തുപോകുന്നുണ്ട്. ഒരു ലോഡ് മെറ്റൽ 20 ടണ്ണാണ്. ദിവസവും 4,000 ടൺ മെറ്റലും അത്രതന്നെ എംസാൻഡും ഒരു ക്വാറിയിൽനിന്ന് ഒരു ദിവസം പുറത്തുപോകുന്നുണ്ട്. പ്രവർത്തിക്കാൻ സമയനിബന്ധനയുണ്ടെങ്കിലും ആരും പാലിക്കാറുമില്ല തടയാറുമില്ല.
സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 5961
സർക്കാർ വരുമാനം. 171.62കോടി രൂപ
സർക്കാർ വാദം
ദൂരപരിധി കുറച്ചില്ലെങ്കിൽ സംസ്ഥാനത്തെ 95% ക്വാറികളും പൂട്ടിപോകും. ഇത് നിർമ്മാണമേഖലയെയും വികസന പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കും. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ദൂരപരിധി കൂട്ടുന്നത് പ്രായോഗികമല്ല. ക്വാറികൾ വ്യവസായമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.അതിനാൽ പാരിസ്ഥിതികാനുമതി നോക്കാറില്ല. 2008 മുതൽ സംസ്ഥാന സർക്കാർ ഒരുവർഷത്തേക്ക് വൺ ടൈം പെർമിറ്റും പിന്നെ മൂന്നുവർഷം കഴിഞ്ഞാൽ ലീസ് എഗ്രിമെന്റിലൂടെ 12 വർഷം വരെ ഖനനാനുമതിയും നൽകുന്നതാണ് രീതി.