dc

തിരുവനന്തപുരം: നാല് ഘട്ടങ്ങളിലായി നടക്കുന്ന തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി ഉടൻ ആരംഭിക്കും. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറായി.

തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകർഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേകോട്ടയും എം.ജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഗംഭീരമായ 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കുന്നത്. കിഴക്കേകോട്ട മുതൽ ഈഞ്ചയ്ക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും. കാലപ്പഴക്കത്താൽ നാശോന്മുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും. സെക്രട്ടേറിയറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കും. ദീപ പ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരത്തിന്റെ പ്രൗഢിയാർന്ന കെട്ടിടങ്ങൾ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും. രാജാരവിവർമ്മയുടെ ഓർമ്മകൾ നിറയുന്ന കിളിമാനൂർ രാജ കൊട്ടാരം പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പൈതൃക ടൂറിസം കേന്ദ്രമാക്കും. കൊല്ലത്തെ ചീന കൊട്ടാരവും ചിന്നക്കടയിലെ ക്ലോക്ക്‌ ടവറും സംരക്ഷിച്ച് മനോഹരമാക്കാനും നിർദ്ദേശമുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി വഴി സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ഉടൻ ആരംഭിക്കാനും മന്ത്രികടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആഭാ നാരായണൻ ലാംബ അസോസിയേറ്റ്‌സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.