police

കാസർകോട്: മദ്യലഹരിയിൽ എത്തിയ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിലായി കുറ്റിക്കോൽ പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണൻ (69) മരിച്ച സംഭവത്തിൽ പ്രതിയായ ജെ .സി .ബി സന്തോഷ് എന്ന വി .എ. സന്തോഷിനെയാണ് (36) അറസ്റ്റ് ചെയ്തത്.

പ്രതി സന്തോഷ് വിവാഹശേഷം, സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സന്തോഷ്, ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തി മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്. കൈക്ക് ഗുരുതരമായി പരിക്കുപറ്റി ലക്ഷ്മണനെ സുള്ള്യയിലെ കെ. വി .ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മരുമകൻ നാരായണൻ രാത്രി ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ സന്തോഷിന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും ബേഡകം പൊലീസ് പടന്നക്കാട് സ്‌നേഹാലയത്തിലാക്കി.

ഒളിവിൽ പോയ യുവാവിനെ മാണിമൂലയിൽ വെച്ചാണ് ബേഡകം ഇൻസ്‌പെക്ടർ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.