sister-sefi

തിരുവനന്തപുരം: കേസിൽ നിന്ന് രക്ഷപെടാനായി മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയെന്നു സ്ഥാപിക്കാൻ കാട്ടിയ അതിബുദ്ധി അവർക്കുതന്നെ തിരിച്ചടിയായി. സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ഹൈമനോ പ്ലാസ്റ്റിക് സർജറി നടത്തിയത് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഫാ. ജോസ് പൂതൃക്കയിൽ,​ ഫാ. തോമസ് കോട്ടൂർ എന്നിവർക്ക് പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ സെഫിയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് അഭയയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. അറസ്റ്റു ചെയ്ത ശേഷം സെഫിയെ​ 2008 നവംബർ 25ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോൾ കന്യകയാണെന്നു സ്ഥാപിക്കാൻ കന്യാചർമം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ഹൈമനോ പ്ലാസ്റ്റിക് സർജറി നടത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 29 -ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. സെഫി കന്യകയാണെന്നു സ്ഥാപിച്ചെടുത്താൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന നിയമോപദേശം അനുസരിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പിന്നീട് നാർകോ അനാലിസിസ് നടത്തിയപ്പോൾ സെഫിക്ക് വൈദികരുമായുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങൾ തെളിഞ്ഞു. പക്ഷേ, നാർകോ അനാലിസിസ് ഫലം തെളിവാക്കുന്നത് ഹൈക്കോടതി തടഞ്ഞു.