തിരുവനന്തപുരം: ഇതര സംസ്ഥാന രത്ന വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടുന്നതായി പരാതി. ചെന്നൈ സ്വദേശിയും രത്നവ്യാപാരിയുമായ കെ. പ്രകാശാണ് പരാതിയുമായി രംഗത്തെത്തിയത്. 17 ലക്ഷം വിലയുള്ള രത്നം കൈക്കലാക്കിയാണ് കൊച്ചി സ്വദേശികളായ മൂവർ സംഘം തട്ടിപ്പ് നടത്തിയതെന്ന് പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജഗന്നാഥൻ, ബാബുമോൻ, റഫീഖ് എന്നിവർക്കെതിരെയാണ് പരാതി. 2019ൽ ജഗന്നാഥനാണ് രത്നം ആവശ്യപ്പെട്ട് തന്നെ സമീപിച്ചത്. തിരുവനന്തപുരത്തെ മറ്റൊരാൾക്ക് വേണ്ടിയാണെന്നും അറിയിച്ചു. അല‌ക്‌സാൻഡൈറ്റ് എന്ന 26.69 കാരറ്റ് തൂക്കമുള്ള രത്നമാണ് കൊണ്ടുവന്നത്. തിരുവനന്തപുരത്തുവച്ച് വില ഉറപ്പിച്ച് രത്നം കൈമാറി. വില കൊച്ചിയിൽ നൽകാമെന്ന് ബാബുമോനും റഫീഖും അറിയിച്ചു. കൊച്ചിയിലേക്ക് തിരിച്ചുപോയി ഒരു മാസത്തോളം താമസിച്ചെങ്കിലും മൂവരും പല കാരണങ്ങൾ പറഞ്ഞ് പണം നൽകിയില്ല. പിന്നാലെ രത്നം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും ഒരുമാസം താമസിച്ചതിന്റെ ചെലവായി രണ്ടുലക്ഷം രൂപ നൽകണമെന്ന് സംഘം അറിയിച്ചു. പണം സംഘടിപ്പിച്ച് ബാബുമോനെ ബന്ധപ്പെട്ടെങ്കിലും രത്നം മോഷണം പോയെന്നും ജുഡിഷ്യൽ കസ്റ്റഡിയിലാണെന്നും അറിയിച്ചു. തൊണ്ടിമുതലായ രത്നം തിരിച്ചുകിട്ടാൻ പ്രതികൾ അപേക്ഷ നൽകിയെങ്കിലും ഓണർഷിപ്പ് തന്റെ പേരിലായതിനാൽ രത്നം പ്രതികൾക്ക് കിട്ടിയില്ല. ചില പൊലീസുകാരുടെ ഒത്താശയോടെ നടത്തിയ മോഷണത്തട്ടിപ്പ് പൊളിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും പ്രകാശ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകി.