nndakuar

തിരുവനന്തപുരം: അന്വേഷണം ഏറ്റെടുത്ത് 17ദിവസം കൊണ്ട് പ്രതികളെ പിടികൂടിയ സി.ബി.ഐ എസ്.പി (അന്ന് ഡിവൈ.എസ്.പി) നന്ദകുമാർ നായരാണ് അഭയ കേസിലെ താരം.

പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കണമെന്ന് മൂന്നുവട്ടം കോടതിയിൽ റിപ്പോർട്ട് നൽകുകയും, കോടതി അതെല്ലാം തള്ളിക്കളയുകയും ചെയ്തതിനെത്തുടർന്ന് സി.ബി.ഐ നാണം കെട്ടിരിക്കുമ്പോഴാണ് 2008 നവംബർ ഒന്നിന് നന്ദകുമാർ അന്വേഷണം ഏറ്റെടുത്തത്. 2008 നവംബർ 18ന് ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആത്മഹത്യയെന്ന് തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് അതോടെ കേരളം അറിഞ്ഞു.

കേസിലെ 49-ാം സാക്ഷിയായി വിസ്തരിക്കവേ നന്ദകുമാർ കോടതിയിൽ പറഞ്ഞതിങ്ങനെ-
"ശക്തമായ തെളിവുകളോടെയും, ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്​റ്റ് ചെയ്ത്

കു​റ്റപത്രം ൽ സമർപ്പിച്ചത്. " ഈ ബോദ്ധ്യമാണ് ഇന്നലെ കോടതി അംഗീകരിച്ചത്.സി.ബി.ഐയിൽ തിരുവനന്തപുരം, മുംബയ് സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ സൂപ്രണ്ടായ നന്ദകുമാർ നായരുടെ സേവന കാലാവധി കേന്ദ്രം ആറു മാസത്തേക്ക് നീട്ടി നൽകിയത് അഭയ കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടി ലക്ഷ്യമിട്ടാണ്. വയലിനിസ്റ്റ് ബാലഭാസ്കറുടെ അപകട മരണം, പെരിയ ഇരട്ടക്കൊല, നെടുങ്കണ്ടം കസ്റ്റഡിക്കൊല തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണം നന്ദകുമാറിന്റെ മേൽനോട്ടത്തിലാണ്.

പുനെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേ​റ്റു മരിച്ച കേസിന്റെ അന്വേഷണവും വിചാരണഘട്ടത്തിലെത്തിയ ഇസ്റത്ത് ജഹാൻ ഏ​റ്റുമുട്ടൽ കേസും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. അന്വേഷണ മികവിന് 2017ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. സി.ബി.ഐ.യുടെ ചരിത്രത്തിൽ അപൂർവമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവന കാലാവധി നീട്ടിനൽകുന്നത്.