
തിരുവനന്തപുരം: സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ് അഭയയുടെ സ്വകാര്യ ഡയറി കത്തിച്ചത് വൻ അട്ടിമറിയായി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ അഭയയുടെ സ്വകാര്യ ഡയറി കണ്ടെത്തിയിരുന്നു. 1993 മാർച്ചിൽ സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നതിനു മുൻപ് ഡയറി മാത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഉദ്യോഗസ്ഥർ ഡയറി കത്തിച്ചുകളഞ്ഞു. ഓഫീസ് വൃത്തിയാക്കൽ നടന്നത് 1993 ജൂണിലാണെന്ന് സി.ബി.ഐ ഡിവൈ.എസ്.പി. ദേവരാജൻ മൊഴി നൽകിയിട്ടുണ്ട്. സുപ്രധാന തൊണ്ടിമുതലുകൾ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേസേറ്റെടുത്തപ്പോൾ അന്നത്തെ സി.ബി.ഐ ഡിവൈ.എസ്.പി. വർഗീസ് പി.തോമസ് ഹംസ വധക്കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്നു. ഹംസ വധക്കേസ് വിചാരണക്കോടതിയിൽ നടക്കുന്നതിനിടെ, തിരക്കു കാരണം അഭയ കേസിലെ തൊണ്ടിമുതലുകൾ അന്വേഷണത്തിന് ആവശ്യമാണെന്ന് കാട്ടി കോടതിയെ സമീപിക്കാനായില്ല. ആദ്യമേ അപേക്ഷ നൽകിയിരുന്നെങ്കിൽ ഡയറി സംരക്ഷിക്കാനാവുമായിരുന്നുവെന്നാണ് ദേവരാജന്റെ മൊഴി.