
തിരുവനന്തപുരം: ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, നിയമസഭ വിളിച്ചുചേർക്കാൻ നൽകിയ ശുപാർശ തള്ളിക്കളഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് സർക്കാർ കരുതുന്നു. എന്നാൽ, നേരിട്ടൊരു ഏറ്റുമുട്ടൽ ഒഴിവാക്കും. അതിനാൽ കാർഷികവിഷയത്തിൽ പ്രത്യേക സമ്മേളനം വിളിക്കാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിക്കും.
ബഡ്ജറ്റിന് ഉൾപ്പെടെ ജനുവരി എട്ടിന് നിയമസഭ ചേരാൻ നാളെ (വ്യാഴം) മന്ത്രിസഭായോഗം ചേർന്ന് വീണ്ടും ഗവർണർക്ക് ശുപാർശ നൽകും. കഴിഞ്ഞാഴ്ച ഇക്കാര്യം ശുപാർശ ചെയ്തതാണെങ്കിലും കർഷകവിഷയത്തിൽ അടിയന്തരസമ്മേളനത്തിന് തീരുമാനിച്ചപ്പോൾ ആദ്യത്തേത് റദ്ദാക്കാനും ഗവർണറോട് നിർദ്ദേശിച്ചിരുന്നു.
നിയമസഭ വിളിച്ചുചേർക്കേണ്ട അടിയന്തര സാഹചര്യത്തെക്കുറിച്ച് വിശദീകരണം തേടാമെന്നല്ലാതെ ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, എട്ടിന് സഭാസമ്മേളനം തുടങ്ങേണ്ടത് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ്. അതിനാൽ തൽക്കാലം ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സർക്കാർ.
കഴിഞ്ഞ വർഷം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കാനായി സഭ സമ്മേളിച്ചപ്പോഴും ഗവർണറുടെ എതിർപ്പ് വിവാദമായതാണ്. അന്ന് പട്ടികജാതി- പട്ടികവർഗ സംവരണവിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കായി പ്രത്യേക സഭാസമ്മേളനം ചേരാനാണ് അനുമതി തേടിയത്. കൂട്ടത്തിൽ പൗരത്വനിയമഭേദഗതിക്കെതിരെ സഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയായിരുന്നു.
ഇങ്ങനെ പ്രമേയം പാസ്സാക്കാൻ നിയമസഭയ്ക്കോ സർക്കാരിനോ അധികാരമില്ലെന്നായിരുന്നു ഗവർണറുടെ വാദം. പ്രമേയം നിയമവിരുദ്ധവും അപ്രസക്തവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും പരസ്യനിലപാടെടുത്തു. ഇതോടെ സർക്കാർ- ഗവർണർ ഏറ്റുമുട്ടലെന്ന പ്രതീതിയുണർത്തി. ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിൽ, പൗരത്വ ഭേദഗതിക്കെതിരായ രാഷ്ട്രീയപരാമർശം സർക്കാർ ഉൾപ്പെടുത്തിയത് ഗവർണർ വായിക്കാതെ വിടുമോയെന്ന ആകാംക്ഷയിലായി സർക്കാർ. എന്നാൽ വിയോജിപ്പ് സഭയ്ക്കകത്ത് പരസ്യമാക്കിയശേഷം സർക്കാരിന്റെ പരാമർശം അതേപടി അദ്ദേഹം വായിക്കുകയായിരുന്നു. അന്നും ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സർക്കാർ നടത്തിയത്. പ്രതിപക്ഷം ഗവർണറെ തിരിച്ചുവിളിക്കാൻ പ്രമേയം കൊണ്ടുവന്നെങ്കിലും സർക്കാർ പിന്തുണച്ചില്ല.
പൗരത്വഭേദഗതി വിഷയത്തിലെ അനുഭവമുള്ളതിനാൽ ഇപ്പോഴും ഗവർണറുടെ സമീപനത്തിൽ സർക്കാരിന് ആശങ്കയുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണിന്നലെ അദ്ദേഹത്തിന്റെ തീരുമാനം വന്നതും.
'ഭരണഘടനയുടെ അനുച്ഛേദം 163(1) പ്രകാരം ഭരണത്തലവനെന്ന നിലയിൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാം. എന്നാൽ ഷംസീർസിംഗും പഞ്ചാബ് സർക്കാരും തമ്മിലെ കേസിൽ സുപ്രീംകോടതി, ഗവർണറുടെ വിവേചനാധികാരങ്ങൾ നിർവചിച്ചിട്ടുണ്ട്. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ തിരിച്ചയക്കാനും തടഞ്ഞുവയ്ക്കാനും രാഷ്ട്രപതിക്കയക്കാനുമുള്ള അധികാരം, മുഖ്യമന്ത്രിയെ നിയമിക്കൽ, മന്ത്രിസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യൽ, നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യൽ, ഭരണപരമായ പ്രതിസന്ധിയുടലെടുത്താൽ 356ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകൽ എന്നിവയ്ക്ക് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗസമിതികളുടെ കാര്യത്തിലും ഇതുപ്രകാരം ഗവർണർക്കധികാരമുണ്ട്. എന്നാൽ നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ തള്ളാനാവില്ല. മന്ത്രിസഭ വീണ്ടും ചേർന്ന് ശുപാർശ ചെയ്താൽ ഗവർണ്ണർ അംഗീകരിച്ചേ പറ്റൂ".
- വി.കെ. ബാബു പ്രകാശ്, മുൻ നിയമസഭാ സെക്രട്ടറി