
അഞ്ചൽ: മോഷ്ടാവെന്ന് മുദ്രകുത്തി പൊലീസ് കസ്റ്റഡിയിലും ജയിലിലുമായി ദീർഘനാൾ ക്രൂരമർദ്ദനത്തിന് ഇരയായ ഓട്ടോ ഡ്രൈവർ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് ഇന്നും പഴയ ഓർമ്മകളിൽ നിന്ന് മുക്തനായിട്ടില്ല. ആറു വർഷത്തിന് ശേഷം യഥാർത്ഥ പ്രതി പിടിയിലായപ്പോൾ അനുഭവിച്ച പീഡനങ്ങളിൽ വിതുമ്പുകയാണ് രതീഷ്.
2014 സെപ്തംബർ 21നാണ് അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ നിന്ന് എട്ട് ലക്ഷം രൂപ അപഹരിക്കപ്പെട്ടത്. മെഡിക്കൽ സ്റ്റോറിലെ സി.സി ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന് ഞാനുമായി രൂപസാദൃശ്യം ഉണ്ടായിരുന്നതോടെയാണ് എന്റെ കഷ്ടകാലം ആരംഭിച്ചത്. ഓട്ടോയിൽ സവാരി പോകുകയായിരുന്ന എന്നെ അന്ന് അഞ്ചൽ സി.ഐ ആയിരുന്ന രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനമടക്കം കസ്റ്റഡിയിലെടുത്തു. പിന്നീട് പല സ്റ്റേഷനുകളിലായി മാറ്റി പാർപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രഹസ്യഭാഗങ്ങളിൽ മുളകരച്ച് പുരട്ടി, ആഹാരം നൽകാനോ ബന്ധുക്കളെ കാണാനോ അനുവദിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞ് കണ്ണൂർ, മലപ്പുറം ജില്ലകളിൽ കൊണ്ടുപോയും മർദ്ദിച്ചു. ഞാനാണ് മോഷണം നടത്തിയതെന്ന് സമ്മതിച്ച് ഒപ്പിടാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ മർദ്ദനം തുടർന്നു. ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഒപ്പിട്ട് നൽകി. പിന്നീട് ജയിലിൽ അടച്ചു. എന്റെ ആവശ്യപ്രകാരം നുണ പരിശോധന നടത്തി തെളിവുകൾ ലഭിക്കാതായപ്പോൾ മാത്രമാണ് ജാമ്യം ലഭിച്ചതെന്ന് രതീഷ് പറയുന്നു.
ബസും ഓട്ടോയും ഓടിച്ച് കുടുംബം പോറ്റിയിരുന്ന രതീഷിനെ പിന്നെയും വിധി വേട്ടയാടി. നാട്ടുകാരുടെ പരിഹാസ വാക്കുകൾ മൂലം പുറത്തിറങ്ങാൻ പറ്റാതായി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുമ്പോൾ സി.സി അടയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു. ആർ.സി ബുക്കും പൊലീസ് തിരികെ നൽകിയില്ല. ഓട്ടോറിക്ഷ ഇന്നും വീട്ടുമുറ്റത്ത് തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി കിടപ്പുണ്ട്. വരുമാന മാർഗം അടഞ്ഞതോടെ ഭാര്യയും മാതാവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പോറ്റാൻ റബർ ടാപ്പിംഗിന് പോകുകയാണ് രതീഷ്.
യഥാർത്ഥ പ്രതിയായ തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസൻ പിടിയിലായതോടെ സത്യം പുറത്തുവന്ന സന്തോഷത്തിലാണ് രതീഷും കുടുംബവും. എന്നിരുന്നാലും താൻ അനുഭവിച്ച പീഡനങ്ങൾക്കും പരിഹാസങ്ങൾക്കും പരിഹാരമാകില്ലെന്ന് രതീഷ് പറയുന്നു. അഞ്ചൽ പൊലീസിനെതിരെ പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്ക് രതീഷ് നൽകിയ പരാതിയിന്മേലുള്ള ഹിയറിംഗ് 29ന് നടക്കും.