d

തിരുവനന്തപുരം:കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞതോടെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് യോഗ്യരെ കണ്ടെത്താൻ ഇടത് മുന്നണിയിൽ ചർച്ചകൾ സജീവം.സി.പി.എം മേയർ സ്ഥാനാർത്ഥിയെയും സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയെയും 26ഓടെ പ്രഖ്യാപിക്കും. മേയർ സ്ഥാനത്തേക്ക് പേരൂർക്കടയിൽ നിന്നും ജയിച്ച പി.ജമീലയുടെ പേരിനാണ് മുൻതൂക്കം.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നപ്പോൾ അപകടത്തിൽ മരിച്ച എൻ.ശ്രീധരന്റെ മകളെന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. പൊലീസ് ഫോറൻസിക് ലബോറട്ടറിയിലെ ജോയിന്റ് ഡയറക്ടറായി വിരമിച്ച ശേഷം പി.എസ്.സി അംഗമായി പ്രവർത്തിച്ച പരിചയസമ്പത്തും ജമീലയ്ക്ക് കരുത്താണ്. അതേസമയം യുവാക്കളെ പരിഗണിക്കണമെന്ന താത്പര്യം ചില കോണുകളിലുണ്ട്. അങ്ങനെയാണെങ്കിൽ മാത്രം വഞ്ചിയൂരിലെ ഗായത്രി ബാബുവിനോ മുടവൻമുഗളിലെ അര്യാ രാജന്ദ്രനോ നറുക്കുവീഴും.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗായത്രി. കോർപ്പറേഷനിലെ മുൻ സ്ഥിരം സമിതി അദ്ധ്യക്ഷനായ വഞ്ചിയൂർ ബാബുവിന്റെയും സാക്ഷരതാമിഷൻ ഡയറക്ടർ ശ്രീകലയുടെയും മകളാണ് ഗായത്രി. ആൾ സെയിന്റ്സ് കോളേജിലെ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിയായ ആര്യ രാജന്ദ്രനാണ് കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ. 21കാരിയായ ആര്യയ്ക്ക് ബാലസംഘത്തിലും എസ്.എഫ്.ഐയിലും പ്രവർത്തന പരിചയമുണ്ട്. അതേസമയം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് വി.എസ്.സലോചനനെയും പി.കെ.രാജുവിനെയുമാണ് സി.പി.ഐ പരിഗണിക്കുന്നത്. അമ്പലത്തറയിൽ നിന്നു ജയിച്ച സലോചനൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമാണ്. പട്ടത്തെ പി.കെ.രാജു ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്.ഡെപ്യൂട്ടിമേയറായിരുന്ന രാഖി രവികുമാറിന് വേണ്ടിയും പാർട്ടിയിൽ ശബ്ദമുയർന്നിട്ടുണ്ട്.

സ്റ്റാൻഡിംഗ് കമ്മിറ്റി ബി.ജെ.പിക്ക് നഷ്ടമായേക്കും

കഴിഞ്ഞ കൗൺസിലിൽ ഇടത് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ നികുതി, അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി അദ്ധ്യക്ഷസ്ഥാനം നൽകിയിരുന്നു. എന്നാൽ എൽ.‌ഡി.എഫ് കേവലഭൂരിപക്ഷവും മറികടന്നിരിക്കുന്ന സാഹചര്യത്തിൽ ഇക്കുറി അത് ബി.ജെ.പിക്ക് ലഭിച്ചേക്കില്ല. ഒരു കമ്മിറ്റിക്ക് ശരാശരി ഏഴുപേരെന്ന അംഗസംഖ്യ ഉറപ്പാക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. എണ്ണത്തിൽ കുറവുണ്ടെങ്കിൽ അവിടെ യു.ഡി.എഫ് അംഗങ്ങളെ നിയോഗിക്കും. ബി.ജെ.പിക്ക് എതിരായതിനാൽ യു.ഡി.എഫ് എതിർക്കാൻ ഇടയില്ല. ഡെപ്യൂട്ടി മേയർ അദ്ധ്യക്ഷനായ ധനകാര്യ സ്ഥിരം സമിതി അടക്കം എട്ട് സ്ഥിരം സമിതികളാണുള്ളത്. ഇതിൽ പകുതി അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമാണ്. തീരദേശ നഗരകേന്ദ്രീകൃത മേഖലകൾ കൗൺസിലർമാരെയും യുവജനങ്ങൾക്കും പ്രത്യേക പരിഗണന നൽകും. ഗായത്രി ബാബു,ആര്യ രാജേന്ദ്രൻ, അംശു വാമദേവൻ,ആർ.ഉണ്ണികൃഷ്ണൻ, ഡോ.റീന.കെ.എസ് എന്നിവരാണ് യുവജനങ്ങളിൽ നിന്നു പരിഗണിക്കുന്നവർ. തീരദേശ വാർഡുകളെ പ്രതിനിധീകരിക്കുന്ന വള്ളക്കടവിൽ നിന്നുള്ള ഷാജിദ നാസർ, പുത്തൻപള്ളിയിലെ എസ്.സലിം എന്നിവർക്കും സാദ്ധ്യതയുണ്ട്. മുതിർന്ന നേതാക്കളായ ഡി.രമേശൻ,ശ്രീകാര്യത്തെ സ്റ്റാൻലി ഡിക്രൂസ്, മുട്ടത്തറയിലെ ബി.രാജന്ദ്രൻ, പള്ളിത്തുറയിലെ മേടയിൽ വിക്രമൻ,ചാക്കയിലെ എം.ശാന്ത എന്നിവരും പരിഗണനാപട്ടികയിലുണ്ട്. ഘടകകക്ഷികളിൽ കോൺഗ്രസ് എസിൽ നിന്നുള്ള പാളയം രാജനെ പരിഗണിച്ചേക്കും.

സ്റ്റാൻഡിംഗ് കമ്മിറ്റി ചോദിക്കാൻ സി.പി.ഐ

ഡെപ്യൂട്ടിമേയറാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ചെയർമാൻ. സ്വാഭാവികമായും ഇത് സി.പി.ഐക്ക് ലഭിക്കും. എന്നാൽ ഇക്കുറി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനവും കൂടി സി.പി.ഐ ചോദിച്ചേക്കും.1995-2000 കാലയളവിൽ പാർട്ടി പ്രതിനിധികൾ ഏഴായിരുന്നു. അന്ന് ഡെപ്യൂട്ടി മേയർ സ്ഥാനം കൂടാതെ പൂന്തുറയിൽ വിജയിച്ച ആന്റണി ബെഞ്ചിലാസിന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി നൽകി. കഴിഞ്ഞ നാല് കൗൺസിലുകളിലായി സി.പി.ഐ പ്രാതിനിദ്ധ്യം ഏഴിൽ താഴെയായിരുന്നു. അതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനം മാത്രമാണ് ലഭിച്ചിരുന്നത്.ഇക്കുറി ഒൻപതായി പ്രാതിനിദ്ധ്യം വർദ്ധിച്ചതാണ് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൂടി അവകാശവാദം ഉന്നയിക്കാൻ കാരണം.