
കിളിമാനൂർ: മാതടില അണക്കെട്ടിന്റെ ആഴങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നസിയ എഴുതിത്തീരാത്ത കഥ പോലെ എല്ലാവർക്കും വേദനയായി.
ഉത്തർപ്രദേശിലെ ഡാമിനോട് ചേർന്നുള്ള കനാലിൽ വീണ മകൾ ഫൈസിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ച ദളിത്പൂരിലെ താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക കിളിമാനൂർ പുളിമാത്ത് നസിയ കോട്ടേജിൽ നസിയ ആർ. ഹസൻ യുവ കഥാകാരി കൂടിയായിരുന്നു.
മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ഹസൈനാരും മുങ്ങി മരിച്ചു. ഫൈസിയെ പക്ഷേ നാട്ടുകാർ രക്ഷപ്പെടുത്തി. നസിയയുടെയും പിതാവിന്റെയും വിയോഗം പുളിമാത്ത് നിവാസികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ചെറുപ്പം മുതൽ സാഹിത്യ അഭിരുചിയുണ്ടായിരുന്ന നസിയ നിരവധി ചെറുകഥകളും കവിതാ സമാഹാരങ്ങളും ആസ്വാദനക്കുറുപ്പുകളും രചിച്ചിട്ടുണ്ട്. സുഗതകുമാരി ഉൾപ്പെടെയുള്ളവർ കവിതകൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. " ഉണ്ണിക്കുട്ടൻ", "ഞാൻ വായിച്ച പുസ്തകം, മണിക്കുട്ടന്റെ പൂവ് ' എന്നിവ പ്രധാന രചനകളാണ്. ഇംഗ്ലിഷിലും കഥയെഴുതിയിരുന്ന നസിയയുടെ ആദ്യ കഥാസമാഹാരം ആമസോണാണ് പുറത്തിറക്കിയത്. കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിലെ പഠനശേഷം ആർ.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവും തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ ഇംഗ്ലിഷിൽ ബിരുദവും, ആൾ സെയിന്റ്സിൽ നിന്നും ബിരുദാനന്ദ ബിരുദവും നേടിയ നസിയ പഠനകാലത്തും കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗവ. ആർട്സ് കോളേജിലും, ഗവ. ലാ കോളേജിലും അദ്ധാപികയായി ജോലി ചെയ്തിട്ടുണ്ട്. വിജയാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു ഹസൈനാർ. നസിയയുടെ ഭർത്താവ് ഷാരോൺ ( ഡിജിറ്റൽ സിനിമ എൻജിനീയർ ), മാതാവ് റാഫിയ പുളിമാത്ത് സകൂളിലെ അറബിക് ടീച്ചറാണ്. സഹോദരി നാദിയ. നസിയയുടെയും ഹസനാരുടെയും മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.ഷാറോണും മകൾ ഫൈസിയും ഇന്നലെ രാവിലെ നാട്ടിലെത്തിയിരുന്നു.