governor

തിരുവനന്തപുരം: നിയമസഭാ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ട്, കാലാവധി പൂർത്തിയാക്കാൻ മൂന്നു മാസം മാത്രമുള്ള ഇടതു സർക്കാരുമായി പോർമുഖം തുറന്ന് ഗവർണറുടെ അസാധാരണ നടപടി. വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കണമെന്നും കർഷക പ്രക്ഷോഭം ഒത്തുതീർക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാൻ ഇന്നു ചേരാനിരുന്ന സമ്മേളനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരം നടപടി.

അനുമതി തേടിയുള്ള മന്ത്രിസഭയുടെ കത്തിന് രാവിലെ രാജ്ഭവനിൽ നിന്ന് വിശദീകരണം തേടുകയും സർക്കാർ മറുപടി നൽകുകയും ചെയ്തെങ്കിലും സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി വൈകുന്നേരത്തോടെ ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു.

ഇതോടെ ഗവർണർ ഒരു വശത്തും സർക്കാരും പ്രതിപക്ഷവും മറുവശത്തുമായുള്ള രാഷ്ട്രീയപ്പോരിന് വഴിയൊരുങ്ങി. ഗവർണറുടെ തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ രംഗത്തെത്തിയത് ഇതിന്റെ സൂചനയായി. ഗവർണറോട് നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാഗ്രഹിക്കുന്ന സർക്കാർ പ്രത്യേക സഭാസമ്മേളനം വിളിക്കാനുള്ള തീരുമാനം തത്കാലം ഉപേക്ഷിക്കും.

ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതുവർഷ സമ്മേളനം ആരംഭിക്കേണ്ടതും സർക്കാർ കണക്കിലെടുക്കുന്നു.

കേരള പര്യടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലായിരുന്ന മുഖ്യമന്ത്രി രാത്രിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം ഗവർണർക്ക് വീണ്ടും മറുപടി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ രാഷ്ട്രീയ കൂടിയാലോചന നടത്തി.

നേർക്കുനേർ

ഗവർണർ: ജനുവരി എട്ടിന് സഭാസമ്മേളനത്തിന് അനുമതി നൽകിയിരിക്കേ അതിന് മുൻപ് മറ്റൊരു സമ്മേളനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളത്‌?

സർക്കാർ: കർഷകതാല്പര്യം സംരക്ഷിക്കുക എന്നത് ജനാധിപത്യ സർക്കാരിന്റെ ബാദ്ധ്യതയാണ്. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ സമാനവികാരമാണ്.

ഗവർണർ: ജനുവരി എട്ടിനു തുടങ്ങുന്ന സഭാസമ്മേളനത്തിന് മന്ത്രിസഭ ശുപാർശ നൽകിയപ്പോഴും കർഷക സമരമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനകം രൂപംകൊണ്ടതല്ല ആ പ്രശ്നം. അതിനാൽ നിയമസഭ വിളിക്കേണ്ട അടിയന്തര സാഹചര്യമില്ല.