
കോട്ടയം: വാഗമൺ നിശാ-ലഹരി പാർട്ടി കേസ് കേന്ദ്ര ഏജൻസി ഏറ്റെടുത്തേക്കും. ലോക്കൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം തുടങ്ങി.
ഇതിനുമുമ്പും ഈ റിസോർട്ടിൽ ലഹരി പാർട്ടി നടന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സ്ത്രീ ഉൾപ്പെടെയുള്ള 9 പേരെ അസിസ്റ്റന്റ് ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.
ചരസ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങി എട്ടിനം ലഹരി വസ്തുക്കൾ കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് വാഗമൺ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടി നടന്നത്.
അറസ്റ്റിലായവരെ ഇന്ന് രാവിലെ മെഡിക്കൽ ടെസ്റ്റിന് വിധേയമാക്കി. നിശാ പാർട്ടിക്ക് പിറകിൽ മുംബൈ അധോലോക സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.
കോഴിക്കോട് ഫറൂഖ് കോളേജ് കരയിൽ ഷൗക്കത്ത് (36), തൃശൂർ പൂവത്തൂർ അമ്പലത്തിൽ നിഷാദ് (36), കാസർകോട് ഹോസ്ദുർഗ് പടുതക്കാട് ഫാത്തിമ മൻസിൽ മുഹമ്മദ് റാഷിദ് (31), തൃപ്പൂണിത്തുറ കണ്ണാൻകുളങ്ങര ആകാശ് നിവാസിൽ ബ്ലിസ്റ്റി (23), ഇടുക്കി തൊടുപുഴ മങ്ങാട്ടുകവല അജ്മൽ സഹീർ (30) മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പിൽ കൂരംപ്ലാക്കൽ മെഹർഷെരീഫ് (26), മലപ്പുറം എടപ്പാൽ കല്ലുങ്കൽ നബീൻ (36), കോഴിക്കോട് കൊമ്മേരി പലേക്കോട്ട് അജയൻ, കോഴിക്കോട് ഫറൂക്ക് പെരിമുഖം മിഹരാജ മൻസിൽ സൽമാൻ (38) എന്നിവരാണ് അറസ്റ്റിലായത്. നിശാപാർട്ടിയിൽ 25 സ്ത്രീകൾ ഉൾപ്പെടെ 61 പേർ പങ്കെടുത്തിരുന്നു.