
ആറ്റിങ്ങൽ: കുട്ടികളെ മർദ്ദിക്കുന്നതായി സോഷ്യൽ മീഡിയയിൽ വന്ന വീഡിയോയെ തുടർന്ന് പിതാവ് പൊലീസ് പിടിയിൽ. മുദാക്കൽ വാളക്കാട് തേൻകരക്കോണം സ്വദേശി സുനിൽകുമാറാണ് (45) പിടിയിലായത്.കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതും കുട്ടികൾ നിലവിളിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് കേരളാ പോലീസിന്റെ ഫെസ്ബുക്ക് പേജിലും വീഡിയോ പോസ്റ്റ് ചെയ്തു. ഇത് കണ്ട് പ്രതിയെ തിരിച്ചറിഞ്ഞവർ പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലിന് വിവരം കൈമാറി. ഈ വിവരങ്ങൾ സെല്ലിൽ നിന്നും ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.ഐ.സുരേഷിന് കൈമാറി. തുടർന്നാണ് സുനിൽകുമാർ പിടിയിലായത്. പ്രതിക്കെതിരേ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ആരും പരാതിപ്പെടാതെയാണ് പൊലീസ് കേസെടുത്തത്.എന്നാൽ, ഇതിനെതിരേ സുനിൽകുമാറിന്റെ ഭാര്യയും കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയത് പോലീസിനെ കുഴപ്പിച്ചു. വീട്ടിലുണ്ടായ നിസാര പ്രശ്‌നത്തെ പെരുപ്പിച്ച് കാട്ടുകയാണെന്നും ,താൻ റെക്കാർഡ് ചെയ്ത വീഡിയോ കുടുംബ ഗ്രൂപ്പിൽ ഇട്ടപ്പോൾ കുടുംബാംഗങ്ങളാരോ പുറത്ത് വിട്ടതാണെന്നും സുനില്‍കുമാർ ക്രൂരമായി പെരുമാറുന്നയാളെല്ലന്നും രോഗിയായ തന്നെയും കുടുംബത്തെയും നോക്കുന്നത് അദ്ദേഹമാണന്നും ഭാര്യ പറഞ്ഞു.