
ബംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടുത്തയാഴ്ച പ്രാഥമിക കുറ്റപത്രം സമർപ്പിക്കും. ലഹരി മരുന്നു കേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റുചെയ്തത്. ഡിസംബർ 28ന് ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകും. അറസ്റ്റിലായി 60 ദിവസത്തിനുമുമ്പ് കുറ്റപത്റം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും.ജാമ്യം തടയാനാണ് തിടുക്കത്തിൽ കുറ്റപത്രം നൽകുന്നത്.
ലഹരിമരുന്നു കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരേ ഇ.ഡി. കേസെടുത്തത്. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബിനീഷിന്റെ ബിനാമിയാണെന്ന് സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റ് പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്തതിൽ നിന്നുള്ള വിവരങ്ങളും
കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെതിരേ കർണാടക ഹൈക്കോടതിയിൽ ബിനീഷ് ഹർജി നൽകും. അറസ്റ്റിനെതിരേ ബിനീഷ് നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.