arif-muhammed-khan

തിരുവനന്തപുരം: ബഡ്ജറ്ര് സമ്മേളനത്തിന് നേടിയ അനുമതി പിൻവലിക്കുന്നതായി അറിയിച്ച ശേഷം പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചു. ജനുവരി എട്ടിന് തന്റെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കാൻ ഗവർണർ അനുമതി നൽകിയിരുന്നു.

പ്രത്യേക സമ്മേളനം വിളിക്കാൻ അടിയന്തര സാഹചര്യമെന്താണെന്ന് നിയമസഭാ സെക്രട്ടേറിയറ്റിനോട് ഗവർണർ ചോദിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു മറുപടി. എന്താണ് ആ പ്രധാന വിഷയങ്ങളെന്ന്

അറിയിക്കണമെന്നായി ഗവർണർ. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ, കൃഷിയെയും കർഷകരെയും സംബന്ധിച്ച വിഷയമാണെന്ന് മറുപടി. കേരളത്തിൽ കർഷകർക്കും കൃഷിക്കും ഇതിനുതക്ക വലിയ പ്രശ്നമുണ്ടെങ്കിൽ ഞാൻ അറിയേണ്ടതല്ലേ എന്നായി ഗവർണറുടെ ചോദ്യം. അത്തരമൊരു പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ സംസ്ഥാന സർക്കാ‌ർ എന്തു നടപടിയെടുത്തു. നടപടിയെടുത്തിട്ടും രക്ഷയില്ലാതെയാണോ പ്രത്യേക സമ്മേളനം വിളിക്കുന്നത്- ഗവർണർ ആരാഞ്ഞു. അടിയന്തര സാഹചര്യമെന്താണെന്ന് ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സമ്മേളനം അനുവദിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു.