ramesh-chennithala

തിരുവനന്തപുരം: പ്രത്യേക നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രേരിപ്പിച്ച സാഹചര്യം സൃഷ്ടിച്ചത് സർക്കാരിന്റെ പ്രീണന നിലപാടെന്ന ആക്ഷേപവുമായി പ്രതിപക്ഷം. പൗരത്വഭേദഗതി വിഷയത്തിൽ ഗവർണർ കൊമ്പുകോർത്തിട്ടും പ്രീതിപ്പെടുത്തി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമമാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചതെന്നാണ് വിമർശനം.

ന്നാൽ, കഴിഞ്ഞതവണത്തേതിന് സമാന സാഹചര്യമാണ് ഇപ്പോഴുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. കഴിഞ്ഞ വർഷവും നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിച്ചുവരുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ഇപ്പോഴും അതുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ നിയമസഭയെ ഗവർണർ അന്ന് അധിക്ഷേപിക്കുകയാണുണ്ടായത്. അന്നുതന്നെ ഗവർണറെ താക്കീത് ചെയ്യണമെന്ന് പ്രതിപക്ഷം വാദിച്ചതാണ്. ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്ന പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ കഴിഞ്ഞ തവണ സഭയ്ക്കകത്ത് പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞപ്പോൾ നിയമസഭാ വാച്ച് ആൻഡ് വാർഡെത്തി ബലപ്രയോഗത്തിലൂടെ അംഗങ്ങളെ പിടിച്ചുമാറ്റി വഴിയൊരുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷത്തിനൊപ്പം ശക്തമായ നിലപാട് സർക്കാർ എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ഗതി വരില്ലായിരുന്നെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇന്നുതന്നെ മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസ്സാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

പ്രകോപിപ്പിക്കാതെ തന്നെ രാഷ്ട്രീയനിലപാടുകൾ ശക്തിയുക്തം വ്യക്തമാക്കുന്ന മറുപടി നയപ്രഖ്യാപനത്തിലൂടെ ഗവർണർക്ക് നൽകാമെന്ന് സർക്കാർ ചിന്തിക്കുന്നു.

 മെമ്പേഴ്സ് ലോഞ്ചിൽ പ്രമേയം പാസാക്കണം: ചെന്നിത്തല

ഗവർണർ അനുമതി നൽകിയില്ലെങ്കിലും എം.എൽ.എമാർ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് കേന്ദ്രനിയമങ്ങൾക്കെതിരെ പ്രമേയം പാസ്സാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലനോടാവശ്യപ്പെട്ടു.

രാജ്യത്തെ കർഷകസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദമുയരേണ്ടത് നിയമസഭയിലാണ്. അടിയന്തരപ്രാധാന്യമില്ലെന്ന സാങ്കേതികത്വം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധവും ദൗർഭാഗ്യകരവുമാണ്. കേരളത്തിലെ കർഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് നിയമമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.