vaccine

തിരുവനന്തപുരം : രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർ‌ട്ട് ചെയ്ത കേരളം വൈറസിനെതിരായ പോരാട്ടം 11മാസം പൂർത്തിയാക്കുന്ന ഘട്ടത്തിൽ തലയ്ക്ക് മീതെ തൂങ്ങുന്ന വാളായി പുതിയ ഭീഷണി. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വൈറസുകളാണ് ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയർത്തുന്നത്. നിലവിലെ കൊവിഡ് വൈറസിനേക്കാൾ 70ശതമാനത്തിലധികം പകർച്ചാ ശേഷിയുള്ളവയാണ് വകഭേദം വന്ന വൈറസുകൾ. പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാദ്ധ്യതയെപ്പറ്റി പഠനങ്ങൾ പുരോഗമിക്കുന്നതിനാൽ വ്യക്തമായ ധാരണയില്ല. ഈ സാഹചര്യത്തിൽ , ജനതികമാറ്റം വന്ന വൈറസുകൾ കേരളത്തിലെത്തിയാൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ അപ്പാടെ താളം തെറ്റും. വയോജനങ്ങളും മറ്റു പല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാൽ മരണം നിയന്ത്രണാതീതമാകും. ഗുരുതര സാഹചര്യം കണക്കിലെടുത്ത് മന്ത്രി കെ.കെ.ശൈലജ ഇന്നലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.പുതിയ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനാണ് തീരുമാനം.യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാനസർവീസുകളുള്ളതിനാൽ ജനിതകമാറ്റം വന്ന വൈറസുകൾ കേരളത്തിലെത്താൻ സാദ്ധ്യതയുണ്ട്. അതിനാൽ, അടുത്തിടെ ഇത്തരം രാജ്യങ്ങളിൽ നിന്നെത്തിയവരെ കണ്ടെത്താനാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. 14ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വന്നവരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലാക്കും. 14ദിവസത്തിന് മുമ്പ് എത്തിച്ചേർന്ന പരമാവധി ആളുകളേയും കണ്ടെത്തും.

മുന്നൊരുക്കങ്ങൾ

എയർപോർട്ടിലും സീപോർട്ടിലും കൊവിഡ് പരിശോധനയും നിരീക്ഷണ ശക്തിപ്പെടുത്തും.

നാല് എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കിയോസ്‌കുകൾ ആരംഭിക്കും.

യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കർശന കൊവിഡ് പരിശോധന.. പ്രത്യേക നിരീക്ഷണ സംവിധാനം

'തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനം കൂടി വരുകയാണ്.അതിന് പുറമേയാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ ഭീഷണിയും. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹകരിക്കണം.'

- മന്ത്രി കെ.കെ.ശൈലജ