
കോവളം: ചൊവ്വരയിൽ സ്വകാര്യ റിസോർട്ടുകൾ കൈയേറിയ സ്ഥലം ഒഴിപ്പിക്കൽ നടപടി തുടങ്ങി. ചൊവ്വരയിൽ പ്രവർത്തിച്ചുവരുന്ന ചൊവ്വര ബീച്ച് റിസോർട്ട്, ട്രാവൻകൂർ ഹെറിറ്റേജ് എന്നി റിസോർട്ടുകൾ കൈയേറി വെച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. ചൊവ്വര ബീച്ച് റിസോർട്ട് കൈയേറിയതായി കണ്ടെത്തിയ പത്തര സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അറ്റാച്ചു ചെയ്ത് സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചതായും ട്രാവൻകൂർ ഹെറിറ്റേജിലെ കൈയേറ്റവും ഒഴിപ്പിച്ച് സ്ഥലം വീണ്ടെുക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു. വിഴിഞ്ഞം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നെയ്യാറ്റിൻകര ലാൻഡ് ആൻഡ് റെക്കാഡ്സ് തഹസിൽദാരുടെ നേതൃത്വത്തിലുളള റവന്യൂ സംഘമാണ് കൈയേറ്റം ഒഴിപ്പിക്കൽ നടത്തിവരുന്നത്. പട്ടികജാതി വിഭാഗത്തിലെ ആളുകൾക്ക് മുൻപ് പട്ടയം അനുവദിച്ചു കൊടുത്ത സ്ഥലങ്ങൾ വിലകൊടുത്ത് വാങ്ങിയാണ് പല റിസോർട്ടുകളും സ്ഥാപിച്ചിട്ടുള്ളത്. കൈയേറ്റം ഒഴിപ്പിച്ച ഭാഗത്ത് ഹരിജൻ കോളനിയിലുളള മറ്റ് നാട്ടുകാർക്കുണ്ടായിരുന്ന വഴി റിസോർട്ട് ഉടമ മതിൽകെട്ടിയടച്ചതോടെ ഇവിടെയുളള ചിലർ നിയമസഭാ കമ്മിറ്റിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. റവന്യൂ വിഭാഗത്തിന്റെ നടപടികൾക്കെതിരെ ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും സർക്കാർ വാദം ശരിവച്ചു സ്ഥലം ഒഴിപ്പിച്ചു കണ്ടു കെട്ടാൻ കോടതിയും ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നിർദ്ദേശം അനുസരിച്ച് നെയ്യാറ്റിൻകര തഹസീൽദാറുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. സർക്കാർ പട്ടയം അനുവദിച്ചു കൊടുക്കുന്ന സ്ഥലം 12 വർഷം വിൽക്കാനോ വാങ്ങാനോ പാടില്ലെന്നനിയമം ഇരിക്കവെയാണ് വ്യാപകമായി ഈ മേഖലയിൽ ഇത്തരത്തിലുള്ള ഭൂമി കൈമാറ്റം നടന്നതെന്നും ഇതുസംബന്ധിച്ച് 30 ന് മുമ്പ് നിയമസഭാസമിതിക്ക് റിപ്പോർട്ട് നൽകുമെന്നും തഹസീൽദാർ പറഞ്ഞു. ലാൻഡ് ആൻഡ് റെക്കാർഡ്സ് തഹസിൽദാർ ശോഭാ സതീഷ്, ഡെപ്യൂട്ടി തഹസീൽദാർമാരായ കുമാരൻ നായർ, വിജയകുമാർ,ഹെഡ് സർവ്വേയർ ജയകുമാർ ,കോട്ടുകാൽ വില്ലേജ് ഓഫീസർ അനിത എന്നിവരുടെ നേതൃത്വത്തിലാണ് കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.