crime

 ഉത്ര വധക്കേസിൽ അഞ്ച്, ആറ് സാക്ഷികളുടെ വിസ്താരം പൂർത്തിയായി

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഉത്രയുടെ അച്ഛന്റെ സഹോദരന്റെ മകൻ ശ്യാംദേവ്, അയൽവാസി സുരേഷ് എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ അഞ്ചും ആറും സാക്ഷികളായാണ് ഇവരെ വിസ്തരിച്ചത്. ഉത്രയുടെ അച്ഛൻ വിജയേസനൻ, അമ്മ മണിമേഖല, സഹോദരൻ വിഷു, കേസിലെ മാപ്പ് സാക്ഷി ചാവരുകാവ് സുരേഷ് എന്നിവരുടെ സാക്ഷി വിസ്‌താരം വിചാരണ കോടതിയിൽ പൂർത്തിയായിരുന്നു. ചാവരുകാവ് സുരേഷിനൊപ്പം സൂരജിന്റെ അടൂരിലെ വീട്ടിൽ പാമ്പുമായി പോയ പ്രേംജിത്തിനെ 24ന് വിസ്തരിക്കും.

 ശ്യാംദേവിന്റെ മൊഴിയിൽ നിന്ന്

ഉത്രയുടെ സഹോദരൻ വിഷു സ്ഥലത്ത് ഇല്ലാത്തതിനാൽ ഉത്രയുടെ വിവാഹശേഷം സൂരജുമായി നിരന്തരം ഇടപെട്ടിരുന്നു. സൂരജിന്റെയും ഉത്രയുടെയും വിവാഹ ജീവിതം സുഖകരമായിരുന്നില്ല. ഉത്രയോട് സ്നേഹത്തോടെ പെരുമാറിക്കൂടേ എന്ന് ഒരു ദിവസം ചോദിച്ചിരുന്നു. ' ഒരു കുട്ടി ഉണ്ടായി എന്നേ ഉള്ളൂ, ഒരിടത്തും കൊണ്ടുപോകാൻ പറ്റില്ല, സ്വർണം കൊണ്ട് തുലാഭാരം നടത്തിയാലും അണ്ണൻ ഇതുപോലൊരു മന്ദബുദ്ധിയെ കൊണ്ടു നടക്കുമോയെന്ന് ' സൂരജ് തിരികെ ചോദിച്ചു. സ്വകാര്യ സംഭാഷണമായതിനാലും ഉത്രയുടെ ന്യൂനതകൾ അറിയാവുന്നതിനാലും ആരോടും ഇക്കാര്യം പറഞ്ഞില്ല.

ജനുവരിയിൽ താനും ഉത്രയുടെ മാതാപിതാക്കളും കൂടി ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ സൂരജിനോട് വിവാഹമോചനം നടത്തി കാെടുക്കാനുള്ളത് തിരികെ കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. അത് കേട്ട ഉടനെ കുട്ടിയെ സൂരജ് തിരികെ വാങ്ങി. സൂരജിന്റെ ബാഗ് പൊലീസിൽ ഹാജരാക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ബാഗിൽ ഒരു സ്ട്രിപ്പ് മരുന്നും അപ്പോൾ ഉണ്ടായിരുന്നു. ബാഗും മരുന്നും ശ്യാംദേവ് കോടതിയിൽ തിരിച്ചറിഞ്ഞു.

 അഞ്ചാം സാക്ഷി സുരേഷിന്റെ മൊഴി

സൂരജ് അഞ്ചൽ ഏറത്തെ വീട്ടിൽ വരുമ്പോൾ ഉത്രയുടെ കുറ്റങ്ങൾ അയൽവാസിയായ തന്നോട് പറയാറുണ്ടായിരുന്നു. ഉത്രയുടെ മരണമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചത്തുകിന്ന പാമ്പിന്റെ ഫോട്ടോ ഫോണിൽ പകർത്തി. പിന്നീട് പൊലീസിൽ വിളിച്ച് ചോദിച്ച ശേഷം താനും കൂടിയാണ് പാമ്പിനെ കുഴിച്ചിട്ടത്. ഉത്രയുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടുവന്നപ്പോൾ സൂരജും സഹോദരി സൂര്യയും അലമുറയിട്ടു കരഞ്ഞു. എന്നാൽ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് വണ്ടിയെടുക്കാൻ വന്നപ്പോൾ സൂരജ് സുഹൃത്തുക്കളോടൊപ്പം ആഹ്ലാദവാനായി നിൽക്കുന്നത് കണ്ടു. അപ്പോൾ തന്നെ സൂരജിന്റെ കരച്ചിൽ നാടകമായി തോന്നിയിരുന്നു. പാമ്പിനെ കൊന്നിട്ടിരിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഫോൺ പൊലീസിൽ ഹാജരാക്കി. ഫോണും കോടതിയിലെ മോണിറ്ററിൽ പ്രദർശിപ്പിച്ച പാമ്പിന്റെ ചിത്രങ്ങളും സുരേഷ് തിരിച്ചറിഞ്ഞു.