
തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നിഷേധിച്ചതിനെ വിമർശിച്ചും അതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി ഗവർണർക്ക് ഇന്നലെത്തന്നെ കത്തയച്ചു.
കേരളപര്യടനത്തിന്റെ ഭാഗമായ പത്തനംതിട്ട സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ചർച്ച നടത്തി.
നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ തള്ളിയ നടപടി ഭരണഘടനയുടെ 174(1) അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യമില്ലെന്ന വാദം തെറ്റാണ്.കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉൽക്കണ്ഠയുണ്ട്.
ഭരണഘടനാ പ്രകാരം സഭ വിളിക്കുന്നതിനോ സഭാസമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരമില്ല. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിംഗും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അതനുസരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്ന്, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാർശ സമർപ്പിച്ച സർക്കാരിയ കമ്മിഷനും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. കീഴ്വഴക്കംഅതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
പ്രമേയം എട്ടിന് തുടങ്ങുന്ന സഭയിൽ
ബഡ്ജറ്റ് അവതരണമടക്കമുള്ള കാര്യങ്ങൾക്കായി ഈ മാസം എട്ടിന് തുടങ്ങാനിരിക്കുന്ന സഭാസമ്മേളനത്തിൽ വിവാദമായ കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. കർഷകപ്രക്ഷോഭം അതിന് മുമ്പ് അവസാനിച്ചില്ലെങ്കിൽ ഒത്തുതീർപ്പാക്കാനും പ്രമേയത്തിലൂടെ കേന്ദ്രത്തോടാവശ്യപ്പെടും.
ഇന്നത്തെ സമരത്തിൽ മന്ത്രിമാരും
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്നുവരുന്ന സമരത്തിൽ ഇന്ന് സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. ഇന്ന് മുഖ്യമന്ത്രി സമരത്തെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞ ഇടതുമുന്നണിയോഗത്തിൽ തീരുമാനിച്ചിരുന്നു. ഗവർണറുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ചാണ് മന്ത്രിമാർ സമരവേദിയിലെത്തുന്നത്.