
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ അപ്പാടെ മാറ്റങ്ങളുണ്ടാകുമെന്ന വാർത്തകൾക്കിടെ ഇന്നലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇന്ദിരാഭവനിൽ ചർച്ച നടത്തി.വിവിധ നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിലും കൂടിയായിരുന്നു കൂടിക്കാഴ്ച. അടച്ചിട്ട മുറിയിൽ ഇരുവരും തമ്മിലുണ്ടായ കൂടിക്കാഴ്ച മൂന്നര മണിക്കൂർ നീണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംഘടനാസംവിധാനത്തെ സജീവമാക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസിനകത്ത് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളുമാണ് ചർച്ചയായതെന്നാണ് വിവരം. ചർച്ചകളെപ്പറ്റി പ്രതികരിക്കാൻ ഇരുവരും തയാറായില്ല. ക്രൈസ്തവസഭകളെയടക്കം കൂടുതൽ അടുപ്പിച്ചുനിറുത്താൻ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ബദൽ ഇടപെടലുകളും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.