kkkk

മലപ്പുറം:പിഞ്ചുകുഞ്ഞിന്റെ മാല പൊട്ടിച്ച കേസിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ ഈങ്ങാപ്പുഴ കാക്കവയലിൽ താമസിക്കുന്നയാളുമായ ബഷീർ എന്ന പാറമ്മൽ ബഷീർ അറസ്റ്റിൽ.പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ വെള്ളം ചോദിക്കാനെന്ന ഭാവേന എത്തിയ പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച് കടന്നെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി മാല പൊട്ടിക്കൽ, മോഷണം, കവർച്ച മുതലായ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കവർച്ചക്കേസിൽ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈയടുത്ത് മുക്കം പൊലീസ് സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ ഉടനെ വീണ്ടും മോഷണത്തിലേർപ്പെടുകയായിരുന്നു.മുമ്പ് മോഷണക്കേസിൽ മഞ്ചേരി കോടതിയിൽ ഹാജരാക്കാൻ എസ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇയാളെ മഞ്ചേരി സി.ജെ.എം കോടതി ശിക്ഷിച്ചിട്ടുണ്ട്.മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ നാസിറുദ്ദീൻ നാനാക്കൽ,ജെ.ജയ്സൺ,എ.എസ്.ഐ സുഭാഷ്,പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സലീം പൂവത്തി,ജയരാജ്,സുബൈർ,ഹരിലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.