തിരുവനന്തപുരം: കരളിലെ അർബുദത്തെ തുടർന്ന് വിവിധ ആശുപത്രികൾ കൈവിട്ട കൊല്ലം സ്വദേശിയായ 53കാരനെ എക്സ്റ്റെൻന്റഡ് റൈറ്റ് ഹെപ്പെക്ടമിയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്‌ഹെൽത്ത്. സംസ്ഥാനത്ത് അത്യപൂർവമാണ് ഈ രീതിയിലൂടെയുള്ള ശസ്ത്രക്രിയ നടത്തുന്നത്.
കരളിന്റെ വലതുഭാഗത്ത് വലിയ ട്യൂമറായതിനാൽ പാലിയേറ്റീവ് മരുന്നുകൾ നിർദ്ദേശിച്ച് വിവിധ ആശുപത്രികൾ കൈയൊഴിഞ്ഞ ശേഷമാണ് ഇദ്ദേഹം കിംസ് ഹെൽത്തിലെത്തിയത്. തുടർന്ന് കരളിലെ ട്യൂമർ നീക്കം ചെയ്‌താൽ ശേഷിച്ച ഭാഗം ശാരീരിക പ്രവർത്തനങ്ങൾക്ക് അപര്യാപ്‌തമാണെന്നും അത് കരൾ സ്‌തംഭനത്തിലേക്ക് വഴിതെളിക്കുമെന്നും കണ്ടെത്തി. മൾട്ടി ഡിസിപ്ലിനറി ബോർഡ് ചേർന്ന് ഇദ്ദേഹത്തിന് ഇന്റർവെൻഷണൽ റേഡിയോളജി പ്രൊസീജറുകൾ നടത്താമെന്ന് തീരുമാനിച്ചു. ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. ഷബീർ അലിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ട്യൂമറിന്റെ വളർച്ച നിയന്ത്രിക്കുന്ന ട്രാൻസ് ആർട്ടീരിയൽ കീമോ എംബോളൈസേഷന് വിധേയനാക്കി. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം കരളിലെ വലതുഭാഗത്തെ പോർട്ടൽ വെയിനിനെ ബ്ലോക്ക് ചെയ്‌ത് കരളിന്റെ ഇടതുഭാഗത്തെ വലുതാക്കുന്ന പോർട്ടൽ വെയിൻ എംബോളൈസേഷനും ചെയ്‌തു. നാല് ആഴ്ചക്കുശേഷം കരളിന്റെ വലതുഭാഗത്ത് നിന്നും ട്യൂമറിനെ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. മനീഷ് കുമാർ യാദവ്, റേഡിയോളജിസ്റ്റ് ഡോ. മനോജ്. കെ.എസ്, മറ്റു ശസ്ത്രക്രിയ വിദഗ്ദ്ധരായ ഡോ. വർഗീസ് എൽദോ, ഡോ. സിന്ധു. ആർ.എസ്, ഡോ. ഫാദിൽ, ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. മധു ശശിധരൻ, അനസ്‌തെറ്റിസ്റ്റ് ഡോ. ദിവ്യ, നഴ്‌സുമാർ തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.