manichithra

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഈ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് 27 വർഷം പിന്നിട്ടിരിക്കുകയാണ്. 1993 ഡിസംബർ 23നായിരുന്നു മലയാളികൾ നെഞ്ചിലേറ്റിയ മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്കെത്തിയത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.ചിത്രത്തിലെ ഡയലോഗുകൾ വരെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനസിൽ ഇടംപിടിച്ചവയാണെന്ന് മാത്രമല്ല, ഇന്നും മൂളിനടക്കുന്നവയാണ്. "ഒരു മുറൈ വന്ത് പാത്തായാ", "വരുവാനില്ലാരുമെൻ വിജനമാം." എന്നീ ഗാനങ്ങൾ പുതുതലമുറയ്ക്ക് പോലും പ്രിയങ്കരമാണ്. സിനിമ റിലീസ് ചെയ്തിട്ട് 27 വർഷം പിന്നിടുന്നതിനെക്കുറിച്ചുള്ള കുറിപ്പുമായത്തെിയിരിക്കുകയാണ് ശോഭന. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. "ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എന്റെ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ.. നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു" എന്നായിരുന്നു ശോഭന കുറിച്ചത്.

നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുള്ളത്. നിരവധി തവണ കണ്ട സിനിമയാണ് ഇതെന്നും ഇപ്പോഴും ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാറുണ്ടെന്നുമായിരുന്നു മിക്കവരും പറഞ്ഞത്. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ഇതെന്ന് നിസംശയം വിലയിരുത്താമെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് അണിയറപ്രവർത്തകരും എത്തിയിരുന്നു. നാഗവല്ലിയായും ഗംഗയായുമുള്ള ശോഭനയുടെ ഭാവപ്പകർച്ചയെക്കുറിച്ച് പറഞ്ഞ് സംവിധായകനും എത്തിയിരുന്നു. മലയാളത്തിൽ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന് അന്യഭാഷാ പാതിപ്പുകളും ഒരുക്കിയിരുന്നു.