ari

കാഞ്ഞങ്ങാട്: സത്യ പ്രതിജ്ഞയ്ക്ക് ശേഷം വെസ്റ്റ് എളേരി പഞ്ചായത്തിലെ മുതിർന്ന അംഗം നേരെ പോയത് റേഷൻ ലോഡ് ഇറക്കാൻ. ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.കെ. തങ്കച്ചനാണ് സത്യ പ്രതിജ്ഞ കഴിഞ്ഞ് വീട്ടിൽ എത്തിയ പാടെ പണിവേഷമണിഞ്ഞ് തൊഴിലിടത്തിലേക്ക് പോയത്.
വള്ളിക്കടവിലേക്കും കാറ്റാം കവലയിലേക്കും വന്ന അരിച്ചാക്കുകൾ ഇറക്കാൻ ആയിരുന്നു തങ്കച്ചന്റെ യാത്ര. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ ആളെന്ന നിലയിൽ കെ.കെ. തങ്കച്ചനായിരുന്നു മറ്റു അംഗങ്ങൾക്ക് സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തത്. ഇതിനിടയിലാണ് തൊഴിലിടത്തിലെ സഹ പ്രവർത്തകൻ പുങ്ങംചാലിലെ പുഞ്ചവള്ളിയിൽ മോഹനൻ തങ്കച്ചനെ ഫോണിൽ വിളിക്കുന്നത്.
റേഷൻ സാധങ്ങൾ വന്നിട്ടുണ്ട് എന്നും ഇറക്കാൻ എത്തുമോ എന്നുമായിരുന്നു ചോദ്യം. ഈ സമയം സത്യ പ്രതിജ്ഞയ്ക്കു ശേഷമുള്ള ആദ്യ യോഗത്തിലായിരുന്നു ഇദ്ദേഹം.
ഉച്ചയോടെ പുങ്ങംചാലിലെ വീട്ടിൽ തിരിച്ചെത്തിയ തങ്കച്ചൻ പെട്ടെന്ന് തന്നെ തന്റെ പണി കുപ്പായം ഇട്ട് നേരെ ചെന്ന് റേഷൻ സാധനങ്ങൾ കൊണ്ടുവന്ന ലോറിയിൽ കയറി. കഴിഞ്ഞ കുറേ വർഷങ്ങളായി പുങ്ങംചാൽ, മാലോം, വള്ളികടവ്, പറമ്പ, കാറ്റാം കവല എന്നീസ്ഥലങ്ങളിൽ എത്തുന്ന റേഷൻ സാധനങ്ങൾ ഇറക്കുന്നത് തങ്കച്ചന്റെ നേതൃത്വത്തിലാണ്.
പഞ്ചായത്തു മെമ്പർ ആയാലും ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ തുടരുമെന്ന് കെ.കെ. തങ്കച്ചൻ പറയുന്നു.
വെസ്റ്റ് എളേരി നാട്ടക്കൽ വാർഡിൽ നിന്നുമാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.കെ. തങ്കച്ചൻ മത്സരിച്ചു വിജയിച്ചത്.
67 വയസുള്ള ഈ ജനപ്രതിനിധി സാധരണക്കാരിൽ സാധരണക്കാരനാണ്. ഇതുവരെ സ്മാർട് ഫോൺ ഉപയോഗിച്ചിട്ടില്ല. വാങ്ങിയാൽ തന്നെ അത് ഉപയോഗിക്കാനും അറിയില്ല. കാലിൽ ചെരുപ്പ് ഇടാതെ നടന്ന് പൊതു പ്രവർത്തനം നടത്തുന്ന ആളാണ് കെ.കെ. തങ്കച്ചൻ. സി.പി.എം. സിറ്റിംഗ് വാർഡായ നാട്ടക്കല്ലിൽ നിന്നും 143 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇദ്ദേഹം വിജയിച്ചത്.