geo

മുക്കം: കർഷകസമരം കരുത്താർജ്ജിച്ച് മുന്നേറുമ്പോളും കണ്ണടച്ചിരിക്കുന്ന കേന്ദ്രത്തിന്റെ കണ്ണുതുറപ്പിക്കാൻ മുക്കത്തെ വ്യാപാരികളുടെ വേറിട്ട സമരതന്ത്രം. പലരും പലവിധ പിന്തുണ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും സമരം തീർക്കാൻ സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിൽ ജിയോ ബഹിഷ്‌കരണമാണ് വ്യാപാരികൾ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന് താത്പര്യമുള്ള അംബാനിയുടെ ജിയോ സിം കാർഡും അനുബന്ധ ഉപകരണങ്ങളുമൊന്നും ഇനി മുക്കത്ത് വിൽക്കില്ല. നൂറ് ദിവസം നീണ്ട ജനകീയ സമരത്തിലൂടെ റിലയൻസിനെ മുട്ടുകുത്തിച്ച അനുഭവത്തിന്റെ കരുത്തിലാണ് വ്യാപാരികളുടെ പുതിയ നീക്കം. റിലയൻസ് മാൾ തുടങ്ങാനാരംഭിച്ചപ്പോഴാണ് നേരത്തെ വ്യാപാരികൾ ജനകീയ സമരത്തിന് നേതൃത്വം നൽകിയിരുന്നത്. ജിയോ ബഹിഷ്‌കരണ സമര പ്രഖ്യാപനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി എം.കെ. സിദ്ദീഖ് നിർവഹിച്ചു.
കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ചു കോർപ്പറേറ്റ് ഭീമൻമാർ രാജ്യത്തെ കാർഷിക മേഖല അപ്പാടെ വിഴുങ്ങാൻ ഒരുങ്ങുന്നതിനെ ചെറുത്തു തോൽപ്പിക്കാൻ വേണ്ടിയാണ് കോർപ്പറേറ്റ് ഉത്പന്നങ്ങളായ ജിയോ സിം കാർഡും അനുബന്ധ ഉത്പന്നങ്ങളും വിതരണം നിർത്തിവയ്ക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. മറ്റു സെല്ലുലാർ കമ്പനിയിലേക്ക് പോർട്ടിംഗും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. എ.കെ. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.