
പഴയങ്ങാടി: ജൈവ വൈവിദ്ധ്യങ്ങൾ നിറഞ്ഞ മാടായിപ്പാറയിൽ വൻ തീപിടുത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിദ്ധ്യങ്ങളും കത്തിച്ചാമ്പലായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വെങ്ങര കോപ്പാട്ട് റോഡിന് സമീപത്താണ് ആദ്യം തീപടർന്നു പിടിച്ചത്. പിന്നീട് പച്ചകൃഷി പ്രദേശമായ തവരത്തടത്തിലേക്ക് വ്യാപിക്കുകയാരുന്നു. മാടായിപ്പാറയിൽ കണ്ടു വരുന്ന അപൂർവ്വ ഇനം സസ്യങ്ങളും ജന്തു വൈവിധ്യങ്ങളും നിമിഷനേരം കൊണ്ട് കത്തിയമർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി പൊലീസും പയ്യന്നൂരിൽ നിന്നും അഗ്നിശമനസേനയും എത്തി. അഗ്നിശമന സേനയുടെ വാഹനം എത്തിച്ചേരാൻ കഴിയാത്തതിനാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുവാൻ കഴിഞ്ഞില്ല. മരക്കൊമ്പ് കൊണ്ടാണ് മണിക്കൂറോളം പ്രയത്നിച്ച് തീ നിയന്ത്രണ വിധേയമാക്കിയത്. വേനൽ കടുത്തതോടെ മാടായിപ്പാറയിൽ തീപിടുത്തം പതിവാണ്. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് തീപിടുത്തം ഉണ്ടാകുന്നത്. പഴയങ്ങാടിയിൽ അഗ്നിശമനസേനാ കേന്ദ്രം വേണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സാമൂഹിക വിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.