mohanlal

''ഗുഡ് ഈവനിംഗ് മിസിസ് പ്രഭാനരേന്ദ്രൻ" എന്ന് തല ചരിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് തിരശ്ശീലയിൽ ഉദിച്ചുയർന്ന നരേന്ദ്രൻ എന്ന വില്ലൻ വേഷം മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കോറിയിട്ട മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തിട്ട് ഈ ക്രിസ്‌മസിന് 40 വർഷം പൂർത്തിയാകുന്നു.

എഴുപതുകളുടെ അവസാന പകുതി വരെയുള്ള മലയാളത്തിലെ വില്ലന്മാർ ചില സവിശേഷതകൾ ഉള്ളവരായിരുന്നു. വിറകുകൊള്ളി പോലുള്ള സിഗരറ്റ് പൈപ്പ് കടിച്ചുപിടിച്ച്, കോട്ടും സൂട്ടുമിട്ട് ബ്ളഡി, ബൈ ദ ബൈ, മിസ്റ്റർ പെരെര എന്നിങ്ങനെ ഇംഗ്ളീഷ് ഡയലോഗടിക്കുന്ന ജോസ്‌പ്രകാശ്, കണ്ണുരുട്ടി പ്രത്യേക ശൈലിയിൽ മൂളി സംഭാഷണം ഉരുവിടുന്ന സുന്ദരനായ വില്ലൻ കെ.പി. ഉമ്മർ, റോസ് പൗഡർ പൂശി, പുരികവും മീശയും വരച്ച്, തലയാട്ടി കൈകൾ പ്രത്യേക രീതിയിൽ തിരുമ്മി, പക്ഷിമൃഗാദികളുമായി തമിഴ് സ്ളാങിൽ മലയാളം പറയുന്ന എം.എൻ. നമ്പ്യാർ, വില്ലന് വേണ്ട ആകാരസൗഷ്ഠവം ഇല്ലാതിരുന്നിട്ടും, അഭിനയശേഷിയിലൂടെ അതിനെ മറികടന്ന ബാലൻ കെ. നായർ, സംഭാഷണങ്ങളിലെ ആരോഹണ - അവരോഹണങ്ങളിലൂടെ തനത് ശൈലിയിൽ വടക്കൻപാട്ട് ചിത്രങ്ങളിൽ വില്ലനായിരുന്ന ഗോവിന്ദൻകുട്ടി എന്നിവർക്കിടയിലേക്കാണ് സ്ത്രൈണതയാർന്ന ഭാവഹാവാദികളോടെ മോഹൻലാലിന്റെ നരേന്ദ്രൻ കടന്നുവന്നത്. ആ താരം പിന്നീട് ചരിത്രമായി.

ക്രിസ്‌മസ് ദിനത്തിൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മോഹൻലാലിന് ഒട്ടേറെ സൗഭാഗ്യങ്ങൾ ഡിസംബർ വച്ചുനീട്ടിയിട്ടുണ്ട്. മമ്മൂട്ടി - മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 1981 ഡിസംബർ ആദ്യവാരത്തിൽ പുറത്തിറങ്ങിയ ഊതിക്കാച്ചിയ പൊന്ന്. ഐ.വി. ശശി - മമ്മൂട്ടി - മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം കുറിച്ചതു അതേ വർഷത്തിലെ ഡിസംബർ അവസാന വാരത്തിലെ അഹിംസ എന്ന ചിത്രമായിരുന്നു. കലാമേന്മയും ജനപ്രിയതയും ചേർന്ന മദ്ധ്യവർത്തി സിനിമയിൽ മോഹൻലാൽ ഭാഗഭാക്കാകുന്നത് സംവിധായകൻ ഭരതന്റെ 1983-ലെ ക്രിസ്‌മസ് ഹിറ്റായ കാറ്റത്തെ കിളിക്കൂടിലൂടെയാണ്.

മോഹൻലാലിന് നടനും, നിർമ്മാതാവിനുമുള്ള ഇരട്ട ദേശീയ അവാർഡ് നേടിക്കൊടുത്ത വാനപ്രസ്ഥം ക്രിസ്‌മസ് റിലീസായാണ് എത്തിയത്. മോഹൻലാലിന്റെ അഭിനയശേഷിയെ ഏറെ പ്രയോജനപ്പെടുത്തിയ തന്മാത്രയും 2005ലെ ക്രിസ്മസ് ചിത്ര മാണ്. ഇന്ത്യൻ സിനിമയിലെ അതികായൻ അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിച്ച കാണ്ഡഹാറും 2010-ലെ ഡിസംബർ ചിത്രമാണ്.

സർവകാല കളക്‌ഷൻ റെക്കാഡുകൾ വാരിക്കൂട്ടിയ മോഹൻലാൽ ചിത്രങ്ങളിൽ പലതും ഡിസംബറിൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രദർശന ശാലകളിൽ 365 ദിവസം റെഗുലർ ഷോ പിന്നിട്ട 'ചിത്രം" 1988-ലെ ക്രിസ്മസിനും, വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന മനശാസ്ത്ര പ്രമേയം കൈകാര്യം ചെയ്ത 'മണിച്ചിത്രത്താഴ്" 1993-ലെ ക്രിസ്‌മസിനും 'ആറാം തമ്പുരാൻ" 1997 ലെ ക്രിസ്‌മസിനും എത്തി. വൻവിജയം നേടിയ ദൃശ്യവും ഡിസംബറിന്റെ സംഭാവനയാണ്.

ഡിസംബറിലെ മറ്റൊരു പ്രത്യേകത കൂടി ലാലിന്റെ ക്രെഡിറ്റിലുണ്ട്. 1986നുശേഷം പിന്നീടങ്ങോട്ട് വർഷത്തിൽ നാലോ അഞ്ചോ സിനിമകളാണ് ലാലിന്റേതായി എത്തുന്നത്. എന്നാൽ കൗതുകകരമെന്ന് പറയട്ടെ 1988-ലെ ഡിസംബർ റിലീസുകളായി യഥാക്രമം വെള്ളാനകളുടെ നാടും, ഉത്സവപ്പിറ്റേന്നും, ചിത്രവും, 1993ൽ ചെങ്കോൽ, കളിപ്പാട്ടം, മണിച്ചിത്രത്താഴ് എന്നീ ഡിസംബർ റിലീസുകളിലൂടെ ഹാട്രിക് നേട്ടവും സ്വന്തമാക്കാനായി.

( ലേഖകന്റെ ഫോൺ: 9895374326)