ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6.5 ലക്ഷം പിഴയും
 സിസ്റ്റർ സെഫിക്ക് 5.5 ലക്ഷം പിഴ
 മൈക്കിളിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സാക്ഷികളെ വിലയ്ക്കെടുത്തും സ്വന്തം പൊലീസിനൊക്കൊണ്ട് തെളിവുകൾ നശിപ്പിച്ചും കൊലയാളികൾ അട്ടിമറികളേറെ നടത്തിയിട്ടും നീതി ദേവതയ്ക്കു മുന്നിൽ അതെല്ലാം നിഷ്ഭ്രമം. ദൈവ ദാസരുടെ വേഷം കെട്ടിയ അധമരുടെ കാമക്കൂത്ത് നേരിൽക്കണ്ടതിന് ജീവന്റെ വില കൊടുക്കേണ്ടിവന്ന സിസ്റ്റർ അഭയയ്ക്ക് ഒടുവിൽ ആത്മശാന്തി.
അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും തടവുശിക്ഷ. കൊല നടന്ന് 28 വർഷ ശേഷമാണ് നീതി നടപ്പായത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽകുമാറാണ് ചരിത്രവിധി പറഞ്ഞത്.
കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ കോൺവെന്റിൽ അതിക്രമിച്ച് കടന്ന കുറ്റത്തിനാണ് കോട്ടൂരിന് രണ്ടാം ജീവപര്യന്തം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. അതിനാൽ ഒരു ജീവപര്യന്തമേ നിലനിൽക്കൂ. ജീവപര്യന്തം ജീവിതാവസാനം വരെയെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.
കോട്ടൂരിന് മൂന്ന് കുറ്റങ്ങൾക്ക് 6.5 ലക്ഷവും സെഫിക്ക് രണ്ട് കുറ്റങ്ങൾക്ക് 5.5 ലക്ഷവും പിഴ ശിക്ഷയും വിധിച്ചു.
അഭയയെ തലയ്ക്കടിച്ച് കിണറ്റിൽ തള്ളി കൊലപ്പെടുത്തിയെന്ന് 217പേജുള്ള വിധിന്യായത്തിൽ പറഞ്ഞു. തെളിവുകൾ നശിപ്പിച്ച ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിളിനെതിരെ നടപടിയെടുക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും മൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കി കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. അഭയയുടേത് കൊലപാതകമാണെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. അടയ്ക്കാ രാജു അടക്കമുള്ള സാക്ഷികളുടെ മൊഴികൾ വിശ്വസനീയമാണ്. ശാസ്ത്രീയ തെളിവുകളും കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് സാധൂകരിക്കുന്നതാണ്.
പുലർച്ചെ കോൺവെന്റിന്റെ അടുക്കളയിൽ പ്രതികളെ കാണരുതാത്ത സാഹചര്യത്തിൽ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അടുക്കള അലങ്കോലമായി കിടന്നതും സെഫി മാത്രമാണ് അടുക്കള ഭാഗത്ത് താമസിച്ചിരുന്നതെന്നുമുള്ള സാക്ഷിമൊഴികളും വിശ്വസനീയമാണ്. കന്യകയാണെന്ന് സ്ഥാപിച്ച് രക്ഷപ്പെടാൻ സെഫി കൃത്രിമ കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്നും നിരന്തരം ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വൈദ്യപരിശോധനയിൽ കണ്ടെത്തിയതായി ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ലളിതാംബികയുടെ മൊഴിയും നിർണായകമായി. സെഫിക്ക് കോട്ടൂരുമായുള്ള അടുത്തബന്ധത്തിന്റെ പേരിലും അവർ കുറ്റക്കാരിയല്ലെന്ന് തെളിയിക്കാനാവില്ലെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ശിക്ഷ ഇങ്ങനെ
ഫാ. തോമസ് കോട്ടൂർ
കൊലക്കുറ്റം (ഐ.പി.സി-302)
ജീവപര്യന്തം,5 ലക്ഷം പിഴ
പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികതടവ്
തെളിവുനശിപ്പിക്കൽ (ഐ.പി.സി-201)
7വർഷം തടവ്, അരലക്ഷം പിഴ
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ്
കോൺവെന്റിൽ അതിക്രമിച്ചു കടന്നു (ഐ.പി.സി-449)
ജീവപര്യന്തം, ഒരു ലക്ഷം പിഴ
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ്
സിസ്റ്റർ സെഫി
കൊലക്കുറ്റം
ജീവപര്യന്തം, 5 ലക്ഷം പിഴ
പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികതടവ്
തെളിവുനശിപ്പിക്കൽ
7വർഷം തടവ്, അരലക്ഷം പിഴ
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ്