
പെരുമ്പാവൂർ : മണ്ണൂർ-പോഞ്ഞോശേരി റോഡ് നിർമ്മാണം മാർച്ചിൽ പൂർത്തിയാകും. നിർമ്മാണം ഇഴഞ്ഞു നീഞ്ഞു നീങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലായിരുന്നു. വിഷയത്തിൽ ഇടപ്പെട്ട എൽദോസ് കുന്നപ്പള്ളി എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് മാർച്ചിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയത്. അതേസമയം പൂണൂർ ഭാഗത്തെ ഏറ്റവും അപകടകരമായ കുഴികൾ ഇന്ന് തന്നെ അടക്കും.ആദ്യത്തെ ആറര കിലോമീറ്റർ ഭാഗത്തെ ലെവൽസ് എടുക്കുന്ന പ്രവൃത്തി തിങ്കളാഴ്ചയോടെ പൂർത്തിയാകും. തുടർന്ന് റിപ്പോർട്ട് ചെയ്ത ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഈ മാസം തീർക്കുകയാണ് ലക്ഷ്യം. മണ്ണൂർ ജംഗ്ഷനിലെ കാനകളുടെ നിർമ്മാണവും സ്കൂളിന്റെ മുൻ ഭാഗത്തുള്ള മണ്ണ് നീക്കം ചെയ്തു നിരപ്പാക്കുന്ന ജോലികളും ഇന്ന് ആരംഭിക്കും. ഒരു കിലോമീറ്റർ മുതൽ ആറര കിലോമീറ്റർ വരെയുള്ള ഭാഗത്ത് റോഡിന്റെ നിലവിലുള്ള ടാറിംഗ് ഇളക്കിയിടുന്ന ജോലികൾ പുരോഗമിക്കുകയാണ്.അതേസമയം റോഡ് നിർമ്മാണത്തിനൊപ്പം കലുങ്കുകളുടേയും കാനകളുടേയും നിർമ്മാണം പൂർത്തീകരിക്കും. മൂന്ന് കലുങ്കുകളുടെയും നിർമ്മാണം പകുതി ഭാഗം പൂർത്തിയാക്കി. രണ്ട് കിലോമീറ്റർ ദൂരത്തിൽ കാനകളുടെയും നിർമ്മാണവും ഇതോടൊപ്പം പൂർത്തിയാക്കും.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ 91 അവലോകന യോഗങ്ങൾ നേരിട്ടും ഫോൺ വഴിയും നടത്തിയിട്ടും റോഡ് നിർമാണം ഇഴയുന്നതിന് ന്യായികരണമില്ല. അനാസ്ഥ വെടിഞ്ഞു വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറകണം
എൽദോസ് കുന്നപ്പള്ളി
എം.എൽ.എ