pinarai

തിരുവനന്തപുരം: കർഷക സമരം കേരളത്തിന് ബാധകമാണോയെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ഭക്ഷ്യക്ഷാമമുണ്ടായാൽ അതാദ്യം ബാധിക്കുന്നത് കേരളത്തെ ആയിരിക്കും എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡൽഹി കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രത്യേക നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിച്ചപ്പോൾ ഗവർണർ ഉന്നയിച്ച ചോദ്യത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എങ്കിലും, ഗവർണറെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാനോ, നിയമസഭാസമ്മേളനം ഒഴിവാക്കപ്പെട്ട സാഹചര്യം സൂചിപ്പിക്കാനോ മുഖ്യമന്ത്രി തയാറായില്ല.

ഇത് ഏതെങ്കിലും പ്രദേശത്തിന്റെ പ്രക്ഷോഭമല്ല. നമ്മൾ കേരളീയർ പല കാര്യങ്ങളിലും സ്വയംപര്യാപ്തമല്ല. രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധി വലിയ തോതിൽ നാടിനെ ബാധിക്കും. ഇന്ത്യയിലെ കർഷകർ അനുഭവിക്കുന്ന വിഷമതകൾ സ്വാഭാവികമായും നാടിനെ ബാധിക്കും. അതുകൊണ്ടാണ് ഈ പ്രക്ഷോഭത്തിനൊപ്പം പങ്കുചേരുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ, ആളിക്കത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ, പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ കേരളം എല്ലാ നിലയിലും തയാറാവുകയാണ്. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താമെന്നോ ,കുതന്ത്രങ്ങളുപയോഗിച്ച് തളർത്താമെന്നോ വ്യാമോഹിക്കരുത്. സമരത്തിനുള്ള പിന്തുണ വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യം ഉൾക്കൊണ്ട് കർഷകരുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. കർഷകദ്രോഹ നടപടികൾ തുടരെത്തുടരെ സ്വീകരിക്കുന്നു. കാർഷികച്ചെലവ് വല്ലാതെ വർദ്ധിക്കുകയും കാർഷികവൃത്തി ആദായകരമല്ലാതാകുകയും ചെയ്യുമ്പോൾ അതിലാണ് സർക്കാരിന്റെ ഇടപെടലുണ്ടാവേണ്ടത്. കർഷകരുടെ താത്പര്യമല്ല ബി.ജെ.പി സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. മാർക്കറ്റിൽൽ കുറഞ്ഞ വില നിശ്ചയിച്ച്, അതിനു മേലേ വേണം ലേലം ചെയ്യാൻ. അല്ലാതെ സകലതും പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റുകളെ സഹായിക്കലല്ല-മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കർഷകസംഘം നേതാവ് കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ ഇ.പി. ജയരാജൻ, ജെ. മേഴ്സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.