
തിരുവനന്തപുരം: മനുഷ്യത്വത്തിൻെറയും മാതൃത്വത്തിൻെറയും ദീപസ്തംഭമായിരുന്ന സുഗതകുമാരി ടീച്ചർ മടങ്ങിയത് സ്നേഹം ബാക്കിവച്ച്. ആരോരുമില്ലാത്തവർക്ക് അത്താണിയായി നിന്ന ടീച്ചർ പോയതോടെ അനാഥമാകുന്നത് നിരാലംബരരാണ്. വഞ്ചിയൂരിലെ അത്താണിയിൽ ജീവിതം കണ്ടവരും ജീവിതം തിരിച്ചുപിടിച്ചവരും വിങ്ങലുകളുടെ തീരത്താണ്. അമ്മ പോയതിൻെറ വേദനയിൽ നെഞ്ച് പിടയ്ക്കുന്നു. അത്താണി നൽകിയ സുഗന്ധം അത്ര വലുതായിരുന്നു. അങ്ങനെയൊരാശയം സുഗതകുമാരി ടീച്ചറിൻെറ ഉള്ളിൽ മൊട്ടിട്ടത് അനീതിയുടെയും വേദനയുടെയും തീരാമുഖത്ത് നിന്നായിരുന്നു.
ഉൗളമ്പാറയിലെ ഇന്നത്തെ മാനസികാരോഗ്യ കേന്ദ്രം ഭ്രാന്താശുപത്രിയായിരുന്ന കാലം. അവിടെ നടന്ന അനീതികളും പീഡനങ്ങളും കണ്ടറിഞ്ഞ ടീച്ചർ അതിനെതിരെ പോരാടി. മനുഷ്യത്വം മരവിച്ചു നിന്ന അവിടെ സ്നേഹത്തിൻെറ പ്രകാശം ചൊരിഞ്ഞുകൊണ്ട് പുതിയൊരു ലോകം പടുത്തുയർത്തി. അത് അവിടുത്തെ അന്തേവാസികളിൽ സ്വാതന്ത്ര്യത്തിൻെറ കാണാപ്പുറങ്ങൾ കൊണ്ടെത്തിച്ചു. ജയിലിൽ അടച്ചതുപോലെ കഴിഞ്ഞിരുന്ന അന്തേവാസികൾക്ക് സ്വാതന്ത്ര്യമെന്തെന്നും സ്നേഹം ഏതെന്നും ടീച്ചർ കാട്ടിക്കാെടുത്തു. അടച്ച് പൂട്ടിയിട്ടിരുന്ന ഭ്രാന്താശുപത്രിയുടെ വാതിൽ നിയമയുദ്ധത്തിലൂടെ വലിച്ചു തുറന്നു. അങ്ങനെ ജീവിതം എന്തെന്നറിയാതിരുന്ന വൃദ്ധരടക്കമുള്ളവർക്ക് മുന്നിൽ ടീച്ചർ സ്നേഹദീപമായി മാറി.
രോഗം ഭേഭമായ പലരെയും ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ടു പോയി. പോകാനിടമില്ലാത്തവരെ പാർപ്പിക്കാൻ തുടങ്ങിയതാണ് അത്താണി. മാനസിക രോഗികൾക്കായി തുടങ്ങിയ അത്താണി പിന്നെ നിരാലംബരായ എത്രയോ പേർന്ന് അഭയമായി. ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ, ജീവിതം വഴിമുട്ടിയവർ, കാമുകൻ ചതിച്ചവർ അങ്ങനെ അഭയുടെ പടികൾ കയറി സംരക്ഷണത്തിൻെറ മേലങ്കിയണിഞ്ഞവർ ഏറെയാണ്. അവരെക്കെ കണ്ണീർ വാർക്കുകയാണ്. അമ്മ പോയി. ഇനി വരാത്ത ലോകത്തേക്ക്.