തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് അവർ തെളിയിച്ചു. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചുമുള്ള കരുതൽ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചു. നിരാലംബരായ പെൺകുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവർ നിലകൊണ്ടു.
വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരവധി സ്ത്രീകൾക്ക് ആശ്വാസമേകി.
ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുടെയൊക്കെ പശ്ചാത്തലത്തിൽ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.