
തിരുവനന്തപുരം: ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ചതിന് കവിതകളിലൂടെ സുഗതകുമാരി പ്രകൃതിയോട് പലതവണ നന്ദി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാലമത്രയും നമ്മളോടൊപ്പം ചെലവഴിച്ചതിന് ടീച്ചറോട് ഏത്രത്തോളമാണ് കടപ്പെട്ടിരിക്കുന്നത്.
ഈ കഴിവൊക്കെ അച്ഛനിൽ നിന്ന് ലഭിച്ചതാണെന്ന് ടീച്ചർ എപ്പോഴും പറയാറുണ്ട്. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അച്ഛൻ ബോധേശ്വരനായിരുന്നു സുഗതകുമാരിയുടെയും സഹോദരിമാരുടെയും ആദ്യ ഗുരുവും വഴികാട്ടിയും.അമ്മ ആറന്മുള സ്വദേശി വി.കെ. കാർത്ത്യായനി തിരുവനന്തപുരം വിമൻസ് കോളജിലെ സംസ്‌കൃതം പ്രാെഫസറായിരുന്നു. അക്ഷരമുറയ്ക്കും മുമ്പേ സുഗതകുമാരിയും സഹോദരിമാരായ ഹൃദയകുമാരിയും സുജാതാദേവിയും കവിതയുമായി അടുത്തിരുന്നു.
കോട്ടൺഹിൽ സ്‌കൂളിൽ ചേരാനെത്തിയപ്പോൾ കുട്ടിയുടെ സാമർത്ഥ്യം മനസിലാക്കിയ ഹെഡ്മിസ്ട്രസ് ഒന്നാം ക്ലാസിനു പകരം മൂന്നാം ക്ലാസിലേക്കയച്ചു. ക്ലാസിൽ ടീച്ചർ ഒരു രാമായണഭാഗം പഠിപ്പിക്കുമ്പോൾ ഒരു ശ്ലോകം തെറ്റിപ്പോയി. ഒട്ടും മടിക്കാതെ കുഞ്ഞ് സുഗത ടീച്ചറെ തിരുത്തി. അന്നു തുടങ്ങിയതാണ് തെറ്റു കണ്ടാൽ തിരുത്തുന്ന സ്വഭാവം.
എഴുതി തുടങ്ങിയത് ശ്രീകുമാറായി
സ്‌കൂളിൽ വച്ച് ഒരിക്കൽ സുഗതകുമാരി കവിതയെഴുതിയപ്പോൾ അത് എവിടെനിന്നു പകർത്തിയതെന്നായിരുന്നു ഒരു ടീച്ചർ ചോദിച്ചത്.
യൂണിവേഴ്‌സിറ്റി കോളജിൽ ഫിലോസഫി പഠിക്കുന്ന കാലത്താണ് കാര്യമായി എഴുതി തുടങ്ങിയത്. അച്ഛന്റെ പെങ്ങളുടെ മകനായ ശ്രീകുമാറിന്റെ പേരിലാണ് സുഗതകുമാരി പ്രസിദ്ധീകരണങ്ങളിലേക്ക് കവിത അയച്ചിരുന്നത്. ഒരിക്കൽ ശ്രീകുമാർ എന്നപേരിൽ കവിത മാതൃഭൂമിയിലും അതേ കവിത ബി. സുഗതകുമാരി എന്ന പേരിൽ കോളേജ് മാഗസീനിലും അച്ചടിച്ച് വന്നു. ഹൃദയകുമാരി സഹോദരിയുടെ നോട്ട്ബുക്കിൽനിന്നു കീറിയെടുത്തു കോളേജ് മാഗസീന് കൊടുത്തതാണ്. എന്നാൽ കോളേജിലെ വിദ്യാർത്ഥികൾ വിചാരിച്ചു ഇത് ശ്രീകുമാറിന്റെ കവിത കോപ്പിയടിച്ചതാണെന്ന്. പരാതി മാതൃഭൂമി പത്രാധിപർ എൻ.വി. കൃഷ്ണവാരിയരുടെ മുന്നിലെത്തി. സത്യാവസ്ഥ മനസിലാക്കിയ പത്രാധിപർ കവിത സുഗതകുമാരിയുടെ പേരിൽ വീണ്ടും പ്രസിദ്ധീകരിച്ചു. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ഒരു കവിതാ മത്സരത്തിൽ ശ്രീകുമാർ എന്ന പേരിൽത്തന്നെ സുഗത കവിതയയച്ചു. അതിന് ഒന്നാം സമ്മാനവും കിട്ടി. എന്നാൽ വിധികർത്താക്കളിലൊരാൾ ബോധേശ്വരനായിരുന്നു. പക്ഷേ താൻകൂടി ചേർന്നു വിജയിയായി തിരഞ്ഞെടുത്ത 'ശ്രീകുമാർ' മകളാണെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. അതറിഞ്ഞ നിമിഷം തന്നെ ബോധേശ്വരൻ വിധിപ്രഖ്യാപനം തിരുത്തി. താൻ വിധികർത്താവായിരിക്കെ മകൾക്ക് ഒന്നാം സമ്മാനം നൽകുന്നതു ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പാവം മാനവഹൃദയം
1985 ൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയറിഞ്ഞ് അവിടെ എത്തിയ സുഗതകുമാരി കണ്ടത് ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു. അങ്ങനെയാണ് മനസിടറിപ്പോയവർക്കും അനാഥർക്കുമായി 'അഭയ' തുടങ്ങിയത്.
പിന്നീട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനായി നിരന്തരം സമരം ചെയ്ത് മാനസികാരോഗ്യനയം രൂപീകരിക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കി. ആരുമില്ലാത്ത സ്ത്രീകൾ, പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പെൺകുട്ടികൾ, അനാഥരായ കുഞ്ഞുങ്ങൾ എന്നിങ്ങനെ ധാരാളം പേർ ഇന്ന് അഭയയുടെ തണലിലുണ്ട്. അഭയഗ്രാമം, കർമ, മിത്ര, ശ്രദ്ധാഭവനം, ബോധി, അഭയബാല, പകൽവീട് എന്നിങ്ങനെ അഭയയുടെ കീഴിൽ പല വിഭാഗങ്ങളുണ്ട്.
സ്ഥാനാർത്ഥിയാകാൻ ക്ഷണം
പാർട്ടിയിൽ ചേരാൻ കോൺഗ്രസും സി.പി.ഐയും സുഗതകുമാരിയെ പലവട്ടം ക്ഷണിച്ചിട്ടുണ്ട്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്നു മത്സരിക്കണമെന്നു കോൺഗ്രസ് നേതാക്കൾ നിർബന്ധിച്ചു. ഒടുവിൽ സുഗതകുമാരി ആന്റണിക്കു കത്തെഴുതി: ''എന്നെ പാർട്ടിയിൽ ചേർത്താൽ നിങ്ങളുടെ ആദ്യത്തെ അബ്കാരി ലേലത്തിന് എന്നെ നിങ്ങൾക്കു പുറത്താക്കേണ്ടി വരും. ഗാന്ധി എന്നൊരാളുടെ ശബ്ദം കോൺഗ്രസുക്കാർക്ക് ഓർമിക്കാൻ എന്നെപ്പോലൊരാൾ പുറത്തു വേണം. അതു ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം തുടരും.'' ആന്റണി മറുപടി എഴുതി:'' ഈ തിരസ്‌കാരം നിങ്ങളുടെ വ്യക്തിത്വത്തിനു ശോഭയേറ്റുന്നു''