anganvadi

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ സ്വന്തമായി അങ്കണവാടി കെട്ടിടം വേണമെന്നാവശ്യം ശക്തമാകുന്നു. സ്വന്തമായി കെട്ടിടം ഇല്ലാത്തതുകാരണം അങ്കണവാടി പ്രവർത്തനം അടിക്കടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റേണ്ട അവസ്ഥയിലാണ്. ഇതിനകം തന്നെ പത്തോളം സ്ഥലങ്ങളിൽ ഇവിടെ അങ്കണവാടി പ്രവർത്തിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും അങ്കണവാടിക്കായി കിട്ടുന്ന കെട്ടിടങ്ങൾ അസൗകര്യങ്ങളുടെയും അപര്യാപ്തതയുടെയും ഭാരം പേറുന്ന മന്ദിരങ്ങളാണ്. ഇക്കാരണം കൊണ്ട് തന്നെ അധിക കാലം അവിടെ തുടരാൻ കഴിയാറില്ല. എങ്ങനെയെങ്കിലും ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയാക്കി അടുത്ത കെട്ടിടത്തിലേക്ക് ചേക്കേറുകയാണ് പതിവ്.

പലപ്പോഴും അധികൃത‌ർ അനുവദിച്ച് നൽകുന്ന തുകയ്ക്ക് സൗകര്യങ്ങളുള്ള വാടകക്കെട്ടിടം ലഭിക്കുകയെന്നതും ഒരു വെല്ലുവിളിയാണ്. സ്വന്തമായി സ്ഥലം കണ്ടെത്താൻ മുൻ കാലങ്ങളിൽ കഴിയാതിരുന്നതാണ് അങ്കണവാടിയെന്ന ആശയം നീണ്ട് പോകാൻ കാരണം. ഹരിജൻ കോളനിയിലടക്കം നിർദ്ധനരായ നൂറുക്കണക്കിന് ആൾക്കാർ അധിവസിക്കുന്ന വാർഡാണിത്. ഇരുപതോളം കുഞ്ഞുങ്ങൾ ഈ അങ്കണവാടിയിലുണ്ട്. സ്വന്തമായി ഒരു മേൽവിലാസം ഇല്ലാതെ സഞ്ചരിക്കുന്ന അങ്കണവാടിയായി ഇവിടം പ്രവർത്തിക്കുന്നത് ഇവിടെ എത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും ജീവനക്കാർക്കുമെല്ലാം ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. അടിയന്തരമായി ഈ വാർഡിൽ സ്വന്തമായി ഒരു അങ്കണവാടി മന്ദിരം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.