
ബഹുശാഖകളിൽ പൂത്തുലഞ്ഞ ഒരു മാമരമായിരുന്നു സുഗതകുമാരി. ഒരു മരത്തിന്റെ ഏതെല്ലാം ചില്ലകളിൽ പൂവിരിയുമെന്നോ ഏതൊക്കെ ഫലങ്ങളായി മാറുമെന്നോ ആർക്കും പ്രവചിക്കാനാകില്ല. പഞ്ചഭൂതങ്ങളിൽ ഏതിന്റെയൊക്കെ തല്ലും തലോടലുമാണ് അതു നിർണയിക്കുന്നതെന്നും പറയാനാകില്ല. അതുപോലെയാണ് ബഹുമുഖ പ്രതിഭകളും.
സ്വയം വെട്ടിത്തെളിച്ച കവിതയുടെ കാനനപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾത്തന്നെ പരിസ്ഥിതിയെ സ്നേഹിച്ചും മാൻപേടകളെ തലോടിയും കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും തടസപ്പെടുത്താനെത്തുന്ന വേടന്മാർക്കെതിരെ ആക്രോശിച്ചും സുഗതകുമാരി തന്റെ വാമൊഴിയും വരമൊഴിയും കവിതാമയമാക്കി. തൊട്ടതിലെല്ലാം കവിതയുടെയും കാരുണ്യത്തിന്റെയും സ്പർശമുണ്ടായിരുന്നു.
'ഇനിയീ മനസിൽ കവിതയില്ല' എന്ന കവിത സുഗതകുമാരി എഴുതിയത് ദശാബ്ദങ്ങൾക്ക് മുമ്പാണ്. സമൂഹത്തിലും മനസിലും കാരുണ്യത്തിന്റെ ഉറവകൾ വറ്റിവരണ്ടു തുടങ്ങിയ കാലയളവിൽ. ചുറ്റുപാടും നടക്കുന്ന ക്രൂരതകളും പീഡനങ്ങളും അത്രമേൽ കവിമനസിനെ വേട്ടയാടിക്കൊണ്ടിരുന്ന സമയത്തായിരുന്നു നിശബ്ദമായ ആ വിലാപം. അതിനുശേഷവും എത്രയോ ഉദാത്തമായ കവിതകൾ രചിച്ചു.
സുഗതകുമാരിയുടെ ജീവിതവും കവിതയും നിരീക്ഷിച്ചാൽ കവിതയായിരുന്നു അനുകമ്പാപൂർണമായ ആ മനസിന്റെ ശരണാലയമെന്ന് കാണാം. പരിസ്ഥിതിയുടെ കാവലാളായി രംഗത്തുവരുമ്പോൾ കല്ലേറും പൂമഴയും കിട്ടി. സ്‌ത്രീകൾക്കും കുട്ടികൾക്കും മേൽ കഴുകൻ ചിറകുകൾ മുറിവേല്പിച്ചപ്പോൾ നിയമപാലകർ നിസഹായരായി നിന്നു. തിളച്ചുമറിയുന്ന രോഷം ഉള്ളിലൊതുക്കിയും ചിലപ്പോൾ പൊട്ടിത്തെറിച്ചും കവിതയുടെ നേർത്ത വിരലുകൾ കൊണ്ട് അവർ ഇരകളുടെ കണ്ണീരൊപ്പി. പിന്നെ കവിതയുടെ വെറും നിലത്ത് ഉറക്കം വരാതെ കിടന്നു.
മനുഷ്യന്റെ നൊമ്പരം മാത്രമല്ല മിണ്ടാപ്രാണികളുടെ തേങ്ങലുകളും ആ മനസിനെ അസ്വസ്ഥമാക്കി. സൈലന്റ് വാലിയും കുന്തിപ്പുഴയും സിംഹവാലൻ കുരങ്ങും നോവുകളായി മാറിയപ്പോൾ സഹന സമരപ്പാതയിലേക്ക് ഇറങ്ങേണ്ടിവന്നു. അത് പ്രതിഷേധമായി പ്രതിരോധമായി പടർന്നപ്പോൾ കേരളത്തിന് അത് പുതിയൊരനുഭവമായിരുന്നു. നമ്മുടെ ശേഷിച്ച കാടുകളും പുഴകളും അക്കാര്യത്തിൽ സുഗതകുമാരിയോട് കടപ്പെട്ടിരിക്കുന്നു.
അമ്പലമണികൾ പോലെ സുഗതകുമാരിയുടെ കവിതകൾ ദേവന്റെയും മനുഷ്യന്റെയും അമർത്തിയ നോവുകൾ അനുഭവിപ്പിച്ചു. ചിലപ്പോൾ അതു രാത്രിമഴപോലെ പെയ്തിറങ്ങി. മറ്റുചിലപ്പോൾ ഇരുൾച്ചിറകുകൾ പോലെ അതു പ്രകാശത്തേയും പേറി പറന്നുവന്നു.
അഹന്തയാണ് ലോകത്തെ ഏറ്റവും വലിയ വിപത്തെന്ന് അവർ കാളിയമർദ്ദനത്തിലൂടെ ചൂണ്ടിക്കാട്ടി. ഗജേന്ദ്രമോക്ഷത്തിൽ സ്നേഹമസൃണമായ ഹൃദയത്തിൽ ചെന്താമര വിടരുന്നത് കാണിച്ചുതന്നു.
പിന്നിട്ട കർമ്മപഥങ്ങളിൽ മനസിൽ നിന്ന് ഇറുത്ത പൂക്കളും ഇലകളും കൊണ്ട് അവർ വഴിയടയാളങ്ങൾ തീർത്തു.
വരും കാലത്തെ കാത്തിരിക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ മനസായിരുന്നു ഈ കവിക്കും. വരാനിരിക്കുന്ന വ്യാഴവട്ടങ്ങളിലും അതു നീലക്കുറിഞ്ഞി പോലെ പൂത്തുകൊണ്ടിരിക്കും. കവിതയുടെ മലമുകളിൽ നിന്ന് അത് നീലയമുന പോലെ നമ്മുടെ മനസിനെ ആർദ്രമാക്കിക്കൊണ്ടിരിക്കും.