photo

പാലോട്: നന്ദിയോട് പൊട്ടൻചിറ കരിക്കകത്ത് വീട്ടിൽ സഹോദരങ്ങളായ ശിവശങ്കരപിള്ളയുടെയും ചെല്ലപ്പൻപിള്ളയുടെയും ജീവിതം കൗമുദി ടി വിയിലെ ഓ മൈ ഗോഡ് എന്ന പരിപാടിയിൽ കണ്ടറിഞ്ഞ് സുമനസ്സുകളുടെ സഹായ പ്രവാഹം. രണ്ടു പേരും ഒറ്റ മനസ്സായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം 50 കഴിഞ്ഞു. ഇവരിൽ ഒരാളുടെ ചെറിയൊരു വരുമാനം തൊഴിലുറപ്പ് ജോലിയിൽ നിന്നു ലഭിക്കുന്നതാണ്. 78 ഉം 75ഉം വയസ്സുള്ള ഇവരിൽ ഒരാൾക്ക് കിട്ടുന്ന വാർദ്ധക്യ പെൻഷനിലാണ് രണ്ടു പേരുടെയും ജീവിതം കഴിഞ്ഞു പോകുന്നത്. ഇടിഞ്ഞു വീഴാറായ വീട്, ഓട് ഇളകി മാറിയ അവസ്ഥയിലാണ്. മഴ പെയ്താൽ അവസാനിക്കുന്നതുവരെ ഒരേ ഇരിപ്പാണ് രണ്ടാളും ഇതാണ് വീടിന്റെ അവസ്ഥ . പട്ടിണിയുടെ ദിവസങ്ങളിൽ നിന്ന് കരകയറാൻ തൊഴിലുറപ്പിനെങ്കിലും പോകാൻ ഇവർ തയ്യാറാണ്. 60 കഴിഞ്ഞ ഇവരെ ഉൾപ്പെടുത്താൻ നിയമമില്ലങ്കിലും ഇവരുടെ ദുരവസ്ഥ കണ്ട് ആരും തടസ്സം നിൽക്കാറില്ല. ഇളയ സഹോദരൻ ചെല്ലപ്പൻ പിളളയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. മരുന്ന് വാങ്ങാൻ പോലും വഴിയില്ലാതെ ഇവർ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുകയാണ്. ഈ പരിപാടി കണ്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ചില സുഹൃത്തുക്കൾ വീട് പണി പൂർത്തിയാക്കാനുള്ള നടപടികളെടുത്തു. പ്രതിമാസം 5000 രൂപ ഇവരുടെ ചെലവുകൾക്കായി എല്ലാ മാസവും ബാങ്കിലെത്തും. അടച്ചുറപ്പുള്ള ഒരു വീട് എന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന സന്തോഷത്തിലാണിരുവരും.