
തിരുവനന്തപുരം: വയലാറിനുശേഷം എനിക്ക് ഇഷ്ടപ്പെട്ട കവിയാണ് സുഗതകുമാരി. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാശാലിയായ കവയിത്രി. കവിതയ്ക്കും അനാഥജന്മങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം. എവിടെ ഒരു ഇല പൊഴിയുന്നോ, എവിടെ ഒരു പൂവ് പൊഴിയുന്നോ, എവിടെ മരത്തിനുമേൽ മഴു വീഴുന്നോ അവിടെ ഓടിയെത്തി ഹൃദയത്തോട് ചേർത്ത് പിടിച്ച് ആത്മഗതം പ്രകടിപ്പിച്ചു.
അവരുടെ കവിതയുടെ ആത്മസൗന്ദര്യം മലയാളികളെ മുഴുവൻ വശീകരിച്ചു. തോരാതെ പെയ്യുന്ന ഒരു രാത്രിമഴ പോലെ സുഗതകുമാരി കവിതകൾ ജീവിതത്തിൽ പെയ്തുകൊണ്ടിരുന്നു. ഒരു കവി എന്ന നിലയിൽ അവരുടെ ജന്മം അങ്ങേയറ്റം സഫലമായിരുന്നു. അവരുടെ കാലത്ത് ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു.
സുഗതകുമാരിയുടെ കവിത വായിച്ച്, കവിതയെ ആരാധിച്ച് എന്റെ കാവ്യ ജീവിതത്തെ ഞാൻ എന്നും കാത്ത് സൂക്ഷിച്ചു. ഒറ്റപ്പെട്ടു പാേകുന്ന നിമിഷങ്ങളിൽ സുഗതകുമാരി കവിതകൾ വായിച്ച് ഞാൻ എന്റെ ആത്മീയവ്യഥകളെ സാന്ത്വനിപ്പിച്ചു. അത്രയേറെ പ്രിയപ്പെട്ട കവിതകളായിരുന്നു. അത് മലയാള കവിതയുടെ ഏറ്റവും മനോഹരമായ കാവ്യമഴയായിരുന്നു. നമ്മുടെ ജീവിതത്തിനുമേൽ ഇനിയും ഇനിയും അത് പെയ്തുകൊണ്ടിരിക്കും. സംസ്കാരിക ജീവിതത്തെ നിത്യവസന്തം കൊണ്ട് അവർ അലങ്കരിച്ചു. സുഗതകുമാരിയുടെ കവിതകൾ മഹത്തായ കവിതയുടെ ദൃഷ്ടാന്തമാണ്. ഉള്ളിൽ തട്ടുന്ന ആത്മിയവ്യഥയാണ് ആ കവിതകൾ. കവിതയുടെ ആത്മീയസൗന്ദര്യം ഹൃദയത്തെ എന്നും പ്രചോദിപ്പിക്കും.അത് ജീവിതത്തിൽ നമ്മെ പിൻതുടർന്നുകൊണ്ടേയിരിക്കുന്നു.