ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്

രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി. മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരും രാജമൗലി സംവിധാനം ചെയ്ത ഈച്ച (തെലുങ്കിൽ ഈഗി)യിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച കിച്ച സുദീപും.കന്നഡയിൽ നടനായും നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ തിളങ്ങിയ കിച്ച സുദീപിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഈഗ.കിച്ച സുദീപിന്റെ ഭാര്യ പ്രിയ മലയാളിയാണ്; മഞ്ജുവാര്യരുടെ വലിയ ആരാധികയും.എറണാകുളത്ത് മഞ്ജുവാര്യരെ നായികയാക്കിയ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രിയതാരത്തെ കാണാൻ പ്രിയ വന്നിരുന്നു.ബോൾഗാട്ടി പാലസിനടുത്തുള്ള ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിലായിരുന്നു ഷൂട്ടിംഗ്. ഹയ്യാത്തിലെ കോട്ടേജുകളിലൊന്നിലാണ് സുദീപും പ്രിയയും താമസിച്ചിരുന്നത്. ലൊക്കേഷനിൽ കാണാനെത്തിയതിന്റെ പിറ്റേദിവസം മഞ്ജുവിനെയും മധുവാര്യരെയും ലൊക്കേഷനിലുണ്ടായിരുന്ന സൈജു കുറുപ്പിനെയും അവരുടെ കോട്ടേജിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. പിറ്റേന്ന് ഉച്ചയൂണ് ബ്രേക്ക് സമയത്ത് മഞ്ജുവും മധുവും സൈജുവും സുദീപിന്റെ കോട്ടേജിലെത്തുകയും ചെയ്തു.
ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ ചിത്രീകരണം പുനരാരംഭിച്ച ആദ്യ സിനിമ കിച്ച സുദീപ് നായകനാകുന്ന ഫാന്റമാണ് ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ പങ്കെടുക്കാനാണ് കിച്ച സുദീപ് കേരളത്തിലെത്തിയത്. ഒറ്റപ്പാലത്ത് ഈ കന്നഡ ചിത്രത്തിനായി പടുകൂറ്റൻ സെറ്റ് പണികഴിപ്പിച്ചിരുന്നു..ചിത്രീകരണത്തിനായി കേരളത്തിലെത്തിയ കിച്ച സുദീപ് കുടുംബസമേതം ഭാര്യയുടെ കുടുംബ ക്ഷേത്രത്തിലും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് കിച്ച സുദീപ്. മരയ്ക്കാ റിന്റെ സെറ്റിൽ വച്ചാണ് മഞ്ജുവും കിച്ച സുദീപും സുഹൃത്തുക്കളായത്.