
വൃക്കകൾ, മൂത്രവാഹിനി കുഴലുകൾ അവ ചെന്നുചേരുന്ന മൂത്രസഞ്ചി, മൂത്രനാളി എന്നിവയാണ് മൂത്രാശയ പഥത്തിലെ അവയവങ്ങൾ. രക്തത്തിലെ മാലിന്യങ്ങളും അധികമായ ജലാംശവും ആഗിരണം ചെയ്ത് ദ്രവരൂപത്തിലാക്കി മൂത്രമായി ശരീരത്തിൽനിന്ന് പുറംതള്ളുക എന്നതാണ് ഇവയുടെ ജോലി. ഈ ഭാഗങ്ങളിലോ, അഡ്രിനൽ ഗ്ലാൻഡ്, ടെസ്റ്റിസ് എന്നിവയ്ക്കോ ഉണ്ടാകുന്ന എല്ലാ അണുബാധകളും മൂത്രാശയരോഗങ്ങളിൽ ഉൾപ്പെടും. മൂത്രാശയപഥത്തിലെ ഘടനാപരമായ വൈകല്യങ്ങളും രോഗത്തിന് കാരണമാകും.
മൂത്രസഞ്ചിയിൽ ഏകദേശം 200 മുതൽ 400 മില്ലി വരെ മൂത്രം എത്തുമ്പോൾ സംവേദനങ്ങൾ തലച്ചോറിൽ എത്തുകയും തത്ഫലമായി മൂത്രത്തെ പുറന്തള്ളാനുള്ള സന്ദേശം നൽകുകയും ചെയ്യും. ഏകദേശം 500 മില്ലി വരെ മൂത്രം ഒന്നു മുതൽ അഞ്ച് മണിക്കൂർ വരെ തങ്ങിനിർത്താൻ മൂത്രസഞ്ചിക്ക് കഴിവുണ്ട്. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുന്ന ഒരാളിന് 800 മില്ലി മുതൽ രണ്ട് ലിറ്റർ വരെ ദിവസവും മൂത്രമായി പോകാം. എന്നാൽ, രക്താതിമർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ, മദ്യം, ചായ, കാപ്പി, മാനസികപിരിമുറുക്കം തുടങ്ങിയവ മൂത്രത്തിന്റെ അളവിനെ വർദ്ധിപ്പിക്കുന്നു.
മൂത്രത്തിലെ പഴുപ്പ്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, അണുബാധ, മൂത്രസഞ്ചിയിലെ അണുബാധ, വൃക്കയിലെ കല്ല്, അത് കാരണമുള്ള അണുബാധ, വൃക്കകളിലെ ഘടനാപരമായ വ്യത്യാസങ്ങൾ, മൂത്രം തടഞ്ഞുനിർത്താൻ കഴിയാതെ വരിക, മൂത്രം തടസ്സപ്പെടുന്നതിലൂടെ വൃക്കയിലേക്ക് മൂത്രം തിരിച്ചു കയറുക, മൂത്രത്തിലൂടെ രക്തം പോവുക എന്നിങ്ങനെയുള്ള രോഗങ്ങളാണ് മൂത്രാശയരോഗങ്ങളുടെ ഗണത്തിലുള്ളത്.
ഇവയിൽ തന്നെ സർവ്വസാധാരണമായി കാണുന്നതാണ് മൂത്രത്തിലെ പഴുപ്പ്. താരതമ്യേന മൂത്രസഞ്ചിയുടെ അധോഭാഗത്തെ മാത്രം ആശ്രയിച്ചുണ്ടാകുന്ന അണുബാധയിൽ മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, പുകച്ചിൽ, ചുടിച്ചിൽ, അടിവയർ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്നും,ഉടനെ ഒഴിക്കണമെന്നുമുള്ള തോന്നൽ,കലങ്ങിയതോ, കടുത്തതോ, രക്തനിറമുള്ളതോ, കടുത്ത ഗന്ധമുള്ളതോ ആയ മൂത്രം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
അണുബാധ കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ അതിയായ വിറയലോടും കുളിരോടും കൂടിയ ശക്തമായ പനി, വയറുവേദന, മൂത്രത്തിൽ രക്തം കലർന്ന് പോവുക, നടുവിനും ഇടുപ്പിനും വേദന, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവ ഉണ്ടാകാം. ഈ അവസ്ഥയിൽ വൃക്കകളിലും മൂത്ര വാഹിനി കുഴലുകളിലും അണുബാധ ഉണ്ടായിരിക്കാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ, സ്ത്രീകളിൽ കാണുന്ന അണുബാധ ഗൗരവം കുറഞ്ഞതും പുരുഷന്മാരിൽ ഗൗരവമേറിയതും ആയിരിക്കും. മൂത്രാശയ അവയവങ്ങളുടെ ഘടനാപരമായ വ്യത്യാസം കാരണമാണിത്. ഏതായാലും മൂത്രാശയ പഥത്തെ ബാധിക്കുന്ന രോഗങ്ങളുടെ യഥാർത്ഥ കാരണം എന്തെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
കുടലിൽ സ്ഥിതിചെയ്യുന്ന ഇ കോളി എന്ന ബാക്ടീരിയയുടെ എണ്ണത്തിലുള്ള വർദ്ധന, മൂത്രത്തിലെ പ്രോട്ടീൻ, ഗ്ലൂക്കോസിന്റെ വർദ്ധന, ലൈംഗികബന്ധത്തിലൂടെ സംക്രമിക്കുന്ന രോഗങ്ങൾ, ഉയർന്ന തോതിൽ അധികനാൾ നിലനിൽക്കുന്ന പ്രമേഹം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, മൂത്രമൊഴിക്കാതിരിക്കുക, തുടരെത്തുടരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ, മൂത്രം പോകുന്നതിനായി അധികനാൾ ഉപയോഗിക്കേണ്ടിവരുന്ന യൂറിനറി കത്തീറ്റർ, ഗർഭാശയം താഴേക്ക് ഇറങ്ങി വരുന്ന അവസ്ഥ, മൂത്രാശയവുമായി ബന്ധപ്പെട്ട മാംസപേശികളുടെ തകരാറ്, മൂത്രം പിടിച്ചു നിർത്തൽ, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാതിരിക്കുക തുടങ്ങിയവയാണ് മൂത്രാശയ രോഗങ്ങൾക്ക് കാരണം.
മൂത്രാശയ സംബന്ധമായുണ്ടാകുന്ന രോഗങ്ങൾ മൂത്രാശയത്തെ ആശ്രയിച്ചുണ്ടാകുന്ന കാൻസർ രോഗമല്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. നടുവേദന, ഇടുപ്പെല്ലിലെ വേദന, മൂത്രം പോകുമ്പോൾ വേദന, കൂടെക്കൂടെ മൂത്രം പോക്ക്, മൂത്രത്തിൽ രക്തം കലരുക എന്നിവ കാൻസർ പോലുള്ള രോഗങ്ങൾ അല്ലെന്ന് ഉറപ്പാക്കേണ്ടി വരും.
സാധാരണയായി ഒരാൾ നാലുമുതൽ ആറ് തവണയെങ്കിലും മൂത്രമൊഴിക്കേണ്ടി വരും. ഇതിൽ കൂടുതൽ മൂത്രമൊഴിക്കേണ്ടി വരുന്നത് മൂത്രാശയ രോഗത്തിന്റെ പൊതുവായ ലക്ഷണമായി മനസ്സിലാക്കണം. ശരിയായ ജീവിതരീതികൾ പാലിക്കുന്നതിനൊപ്പം ഭക്ഷണവും ആവശ്യത്തിനു മരുന്നും ഉപയോഗിച്ചാൽ രോഗം ഗുരുതരമാകാതെ ഫലപ്രദമായി തടയാം. അതിനായി സസ്യാഹാരം പഴങ്ങളും പച്ചക്കറികളും എരിവും പുളിയും ചൂടും കുറഞ്ഞ ആഹാരങ്ങൾ, മസാലയും ഉപ്പും കുറഞ്ഞവ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. കിഡ്നി രോഗികൾ പൊട്ടാസ്യം അടങ്ങിയ പഴവർഗ്ഗങ്ങൾ, ആട്ടിറച്ചി, മുട്ട തുടങ്ങിയവ ഒഴിവാക്കണം.
മൂത്രത്തിലെ അണുബാധ പരിഹരിക്കാനായി വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് വിജയിക്കുന്നത് വരെ അണുനാശക ഔഷധങ്ങളും ആഹാരവിഹാരങ്ങളിലുള്ള പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്.
കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ
കുട്ടികളിൽ കാണുന്ന മൂത്രത്തിലെ പഴുപ്പ് കൂടുതൽ ശ്രദ്ധിക്കേണ്ടകാര്യമാണ്. എന്നാൽ, അവ മൂത്രാശയ അവയവങ്ങളിലെ ഘടനാപരമായ വൈകല്യങ്ങളോ മൂത്ര പഥത്തിലെ തടസ്സങ്ങളോ കാരണം ഉണ്ടായ ബുദ്ധിമുട്ടല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറിയ കുട്ടികളിൽ അമിതമായി ഡയപ്പറുകൾ ഉപയോഗിക്കുന്നതും മൂത്രത്തിൽ പഴുപ്പിന് കാരണമാകാറുണ്ട്. ആൺകുട്ടികളിൽ മൂത്രനാളിയുടെ വൃത്തിയില്ലായ്മയും മൂത്രത്തിലെ പഴുപ്പിനു കാരണമാകും.
ഗൗരവം കുറഞ്ഞ രീതിയിലുള്ള മൂത്രാശയ പഴുപ്പിൽ ആവശ്യത്തിന് വെള്ളം കുടിക്കുകയോ, ശരിയായി മൂത്രമൊഴിക്കുകയോ,വ്യക്തി ശുചിത്വം വർദ്ധിപ്പിക്കുകയോ ചെയ്താൽ ശമനം ഉണ്ടാകാറുണ്ട്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രാശയ പഴുപ്പിൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിലോ, കാരണമറിയാതെയുള്ള ചികിത്സ കൊണ്ടോ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് മാറാം. വെള്ളം അധികം കുടിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിലും മൂത്രാശയ അണുബാധ ആണെന്ന് തെറ്റിദ്ധരിച്ച് ചിലർ ആവശ്യത്തിലേറെ വെള്ളം കുടിക്കുന്നത് കുഴപ്പത്തെ ഉണ്ടാക്കാം.
ശ്രദ്ധിക്കേണ്ടത്
ചികിത്സ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ സാധാരണയായി കാണുന്ന മൂത്രത്തിലെ പഴുപ്പ് കുറയേണ്ടതാണ്.
പനി,വിറയൽ, നടുവേദന, ഇടുപ്പിന് വേദന എന്നീ ലക്ഷണങ്ങളോട് കൂടിയ വൃക്കകളെ കൂടി ബാധിച്ച അണുബാധ കുറയാൻ ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കും.
മൂത്രത്തിൽ അണുബാധയുള്ളവർ മദ്യം, ചായ,കാപ്പി, കോളാ,സോഡ, പുളിയുള്ളവ ഒഴിവാക്കുക.
സ്ത്രീകളിൽ യൂറിനറി ഇൻഫെക്ഷൻ ചിലപ്പോൾ മൂത്രാശയ വീക്കത്തിന് (സിസ്റ്റൈറ്റിസ് ) കാരണമാകും.
മൂത്രം കൂടുതൽ നേരം പിടിച്ചു നിർത്തുന്നത് അണുസംക്രമണം വർദ്ധിക്കുന്നതിന് കാരണമാകും.
കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക. അവ ദിവസവും മാറ്റുക.
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക.
ജനനനിയന്ത്രണ മാർഗ്ഗങ്ങൾക്ക് വേണ്ടി സ്ത്രീകൾ ഉപയോഗിക്കുന്ന സംവിധാനങ്ങൾ മൂത്രാശയ അണുബാധ വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുക.
മൂത്രമൊഴിച്ചശേഷം മുൻവശത്തു നിന്ന് പുറകിലേക്ക് മാത്രം കഴുകുക.
മലവിസർജ്ജന ശേഷം കഴുകുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ആർത്തവ സമയത്ത് ശുചിത്വത്തിന് പ്രത്യേക ശ്രദ്ധവേണം.
ലൈംഗികാവയവങ്ങളിൽ പതിക്കുന്ന വിധം സ്പ്രേ ഉപയോഗിക്കരുത്.വീര്യമുള്ള ലോഷൻ ഉപയോഗിച്ച് കഴുകരുത്.