sugathakumari

തിരുവനന്തപുരം: ഞാൻ നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് സുഗതകുമാരി ടീച്ചറെ ആദ്യമായി കാണുന്നത്. അന്ന് ടീച്ചർ വളരെ ചെറുപ്പമാണ്. ഞങ്ങൾ പൂജപ്പുരയിൽ ഒരു റേഡിയോ ക്ളബ്തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ടീച്ചറെ കാണാൻ പോയതാണ്. റേഡിയോ ക്ളബ് തുടങ്ങാൻ പോകുന്ന നിങ്ങൾക്ക് ചിലപ്പോൾ നിരാശയുണ്ടായേക്കാം. എന്നാൽ ആത്മവിശ്വാസം കൈവിടരുതെന്നാണ് ടീച്ചർ അന്ന് ഉപദേശിച്ചത്. അന്നുമുതൽ ടീച്ചർ ഉൗർജവും തണലുമായി. കവി എന്ന നിലയിലാണ് പരിചയപ്പെട്ടതെങ്കിലും ഞങ്ങളുടെ തലമുറയ്ക്ക് പ്രചോദനമായി ടീച്ചറും കവിതകളും മാറി. ടീച്ചറുടെ കവിതകൾ മലയാള കവിതയുടെ ദിശമാറ്റി. മലയാളത്തോടുള്ള ടീച്ചറുടെ സ്നേഹം നേരിൽ കണ്ടറിഞ്ഞു. നിരാലംബരെയും മർദ്ദിതരെയും ടീച്ചർ ചേർത്തു നിറുത്തി. ശരിക്കും 'അഭയ' താങ്ങും തണലുമായി. ആ പ്രവർത്തനത്തിൽ ഞാനും ഭാഗഭാക്കായി. അതാണെന്റെ ജീവിതത്തിന്റെ പ്രധാന കാലം.

അട്ടപ്പാടിയിൽ നടത്തിയ എെതിഹാസിക പോരാട്ടത്തിന്റെ നെടുംതൂണായിരുന്നു ടീച്ചർ. സൈലന്റ് വാലി തിരിച്ച് പിടിക്കാൻ ഒറ്റയാൾ ശബ്ദമായി നിന്നു. ആറന്മുള വിമാനത്താവള സമരത്തിലും ടീച്ചറിനൊപ്പം ഞാൻ പങ്കാളിയായി. അതിന് ഒരു വാരിക വളരെ മോശമായി എഴുതി. ആറന്മുളയിലെ എല്ലാ വീടുകളിലും ആ മാസിക കൊണ്ടിട്ടു. സമരത്തിൽ നിന്ന് പിന്മാറാൻ ലക്ഷക്കണക്കിന് രൂപ മുന്നിൽക്കൊണ്ടു വച്ചു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി. സ്വപ്നം കാണാൻ ടീച്ചർ ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. ഇത് വെറുമൊരു ടീച്ചറല്ല, മലയാളത്തിന്റെ അമ്മയാണ്.